രാമക്ഷേത്രത്തിലെ പ്രസാദ വില്‍പ്പന; ആമസോണിന് നോട്ടീസ്
- ഇനിയും ഉദ്ഘാടനം ചെയ്യപ്പെടാത്ത ക്ഷേത്രത്തിലെ പ്രസാദമാണ് വിറ്റത്
- പരാതി നല്‍കിയത് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്
'ശ്രീരാമ മന്ദിര്‍ അയോധ്യ പ്രസാദ്' എന്ന പേരില്‍ മധുരപലഹാരങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ആമസോണിന് നോട്ടീസ്. 'വഞ്ചനാപരമായ വ്യാപാര സമ്പ്രദായങ്ങള്‍' നടത്തുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്രം ആമസോണിന് നോട്ടീസ് അയച്ചത്.
ഇനിയും ഉദ്ഘാടനം ചെയ്യപ്പെടാത്ത ക്ഷേത്രത്തിലെ പ്രസാദം എന്ന പേരിലാണ് സ്വീറ്റ്‌സ് വില്‍പ്പന നടത്തിയത്. ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പരാതി നല്‍കിയിരുന്നു.
ഉല്‍പന്നങ്ങളുടെ യഥാര്‍ത്ഥ സ്വഭാവങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇത്തരം രീതികളെന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) പറഞ്ഞു.
രഘുപതി നെയ്യ് ലഡൂ, അയോധ്യ രാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡൂ തുടങ്ങിയവ ആമസോണിന്റെ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തിരുന്നു.
സിസിപിഎ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ ആമസോണിന് ഏഴ് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്, ഇല്ലെങ്കില്‍ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്കെതിരെ ആവശ്യമായ നടപടികള്‍ ആരംഭിക്കും.