ഡെലിവറി സര്‍വീസിനായി പറപറക്കാന്‍ 'ആമസോണ്‍ എയര്‍' ഇന്ത്യയിലും
- ആമസോണ്‍ എയറിന്റെ സേവനം രാജ്യത്തെ 11 ലക്ഷം ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍.
ഹൈദരാബാദ് : ഇന്ത്യയില്‍ ആദ്യമായി സ്വന്തം എയര്‍ കാര്‍ഗോ നെറ്റ് വര്‍ക്ക് സജ്ജീകരിക്കുന്ന കമ്പനിയെന്ന നേട്ടം ഇനി ആമസോണിന് സ്വന്തം. കാര്‍ഗോ സര്‍വീസിനായി ബോയിംഗ് 737-800 എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുക. ക്വിക്ക് ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍സ് എന്ന കമ്പനിയുടെ കീഴിലുള്ള വിമാനമാണ് കാര്‍ഗോ സര്‍വീസിനായി ഉപയോഗിക്കുക. ആമസോണ്‍ എയര്‍ എന്നാണ് സര്‍വീസിന്റെ പേര്. ഹൈദരാബാദ്, ബെംഗലൂരു, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തില്‍ എയര്‍ക്രാഫ്റ്റ് വഴിയുള്ള ഷിപ്പ്‌മെന്റ് നടക്കുക.
ആമസോണ്‍ എയറിന്റെ പുതിയ വിമാനം ഹൈദരാബാദിലാണ് അവതരപ്പിച്ചത്. ആമസോണ്‍ എയറിന്റെ സേവനം രാജ്യത്തെ 11 ലക്ഷം ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍. മികച്ച പ്രതികരണം ലഭിച്ചാല്‍ വിമാനങ്ങളുടെ എണ്ണം വരും മാസത്തില്‍ കൂട്ടിയേക്കും. 2016ല്‍ യുഎസിലാണ് ആമസോണ്‍ എയര്‍ ആരംഭിക്കുന്നത്. ആഗോളതലത്തില്‍ ഏകദേശം 70 സ്ഥലങ്ങളിലായി 110 വിമാനങ്ങളാണ് ആമസോണിന് ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത്.