2022-23: ഇ-കൊമേഴ്സ് ഓര്‍ഡറുകളില്‍ 26% വളര്‍ച്ച

  • ഒന്നാംനിര നഗരങ്ങളില്‍ അതിവേഗ വളര്‍ച്ച
  • രണ്ടാം നിര, മൂന്നാം നിര നഗരങ്ങളുടെ വിഹിതം ഇടിഞ്ഞു

Update: 2023-08-10 09:43 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഇ-കൊമേഴ്സ് ഓര്‍ഡറുകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധന ഉണ്ടായതായി സാസ് (SaaS) പ്ലാറ്റ്‌ഫോം യൂണികൊമേഴ്‌സ് ബുധനാഴ്ച പുറത്തിറക്കിയ വാർഷിക ട്രെൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം നിര നഗരങ്ങളില്‍ നിന്നുള്ള ഇ-കൊമേഴ്സ് ഓര്‍ഡറുകളില്‍ വലിയ മുന്നേറ്റം ഉണ്ടായി. കൊറോണ മഹാമാരി സൃഷ്ടിച്ച നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറി ഓഫിസുകള്‍ പൂര്‍ണമായ തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇതിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

“ഉപഭോക്താക്കൾ തങ്ങളുടെ ജോലിക്കായി ടയർ I, മെട്രോപൊളിറ്റൻ നഗരങ്ങളിലേക്ക് തിരിച്ചെത്തിയതോടെ ഈ മേഖലകളിലെ ഓര്‍ഡറുകളില്‍  അതിവേഗ വളർച്ച പ്രകടമായി. ടയർ 1 മേഖലകൾ  31.1% എന്ന ഉയർന്ന വാർഷിക ഓർഡർ വോളിയം വളർച്ച നേടി. ടയർ 2, ടയർ 3 നഗരങ്ങൾ യഥാക്രമം 23.3 ശതമാനം, 22.4 ശതമാനം എന്നിങ്ങനെ വളർച്ച നേടി. ചെറുകിട നഗരങ്ങളിലേയും ഗ്രാമങ്ങളിലെയും ഇ-കൊമേഴ്സ് സ്വീകാര്യത ഉയര്‍ന്നുവരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള ഇ-കൊമേഴ്‌സ് വിപണിയിലെ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളുടെ വിഹിതം യഥാക്രമം 18.6 ശതമാനം, 37.1 ശതമാനം എന്നിങ്ങനെയാണ്, മുൻ സാമ്പത്തിക വർഷത്തിലെ 19.2 ശതമാനം, 38.6 ശതമാനം എന്നിവയിൽ നിന്ന് നേരിയ തോതിൽ കുറഞ്ഞു. അതേസമയം, ഒന്നാം നിര നഗരങ്ങൾ ഇതേ കാലയളവിൽ വിപണി വിഹിതത്തിൽ വർധന രേഖപ്പെടുത്തി.

വില്‍പ്പന നടത്തിയ മൊത്തം വ്യാപാര ചരക്കിന്‍റെ അളവില്‍ 23.5 ശതമാനം വർധനവുണ്ടായി. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും ഗൃഹോപകരണങ്ങളും  വളർച്ചയ്ക്ക് നേതൃത്വം നൽകി. കണ്ണടകള്‍ക്കും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കുമാണ് പിന്നീട് ആവശ്യകത കൂടുതല്‍ ഉണ്ടായിരുന്നത്. ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങളും ഉപകരണങ്ങളും ഉള്‍പ്പെട്ട വിഭാഗം 46.8 ശതമാനം വർധന ഓര്‍ഡറുകളുടെ എണ്ണത്തിലും 20.6 ശതമാനം വളര്‍ച്ച മൊത്തം വ്യാപാര അളവിലും നേടി. പുതിയ ബ്രാന്‍ഡുകളുടെ വരവും വ്യത്യസ്ത വിലനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമായതും ഈ വളര്‍ച്ചയെ നയിച്ചു. 

അതേസമയം, ബ്യൂട്ടി, പേഴ്‌സണൽ കെയർ സെഗ്‌മെന്റ് വോളിയത്തിന്റെ അടിസ്ഥാനത്തിൽ 26.6 ശതമാനവും മൊത്തം വ്യാപാര മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 18.9 ശതമാനവും വളർന്നു.

Tags:    

Similar News