തിരിച്ചടവിന് സാവകാശം; കണ്‍ട്രി ഗാര്‍ഡന്റെ ഓഹരിവില ഉയര്‍ന്നു

  • തിരിച്ചടവ് കാലാവധി പുനഃക്രമീകരിക്കാന്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ നേട്ടം
  • തിരിച്ചടവ് കാലാവധി നീട്ടിയത് ചൈനീസ് വിപണിക്ക് ഉത്തേജനമായി

Update: 2023-09-04 10:38 GMT

ചൈനയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഡെവലപ്പറായ കണ്‍ട്രി ഗാര്‍ഡന്റെ ഓഹരികള്‍ തിങ്കളാഴ്ച 19 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ തിരിച്ചടവ് കാലാവധി പുനഃക്രമീകരിക്കാന്‍ അനുമതി കിട്ടിയതാണ് കാരണം. പ്രതിസന്ധിയിലായ ചൈനീസ് ഡെവലപ്പര്‍ക്കും അതുപോലെ തന്നെ പ്രതിസന്ധിയിലായ പ്രോപ്പര്‍ട്ടി മേഖലയ്ക്കും കണ്‍ട്രി ഗാര്‍ഡന്റെ ഓഹരിവില ഉയര്‍ന്നത് വലിയ ആശ്വാസമായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

540 ദശലക്ഷം ഡോളറിന്റെ സ്വകാര്യ ബോണ്ടിന്റെ കാലവധി നീട്ടാനുള്ള അംഗീകാരം കഴിഞ്ഞ ദിവസമാണ് കമ്പനിക്ക് ലഭിച്ചത്.  കമ്പനിക്ക് അതിന്റെ ബാധ്യതകള്‍ അടച്ചു തീര്‍ക്കേണ്ടിയിരുന്ന അവസാന തീയതി ശനിയാഴ്ചയായിരുന്നു. ഇനി  ഇത് മൂന്നുവര്‍ഷത്തിനുള്ളില്‍ തവണകളായി  തിരിച്ചടച്ചാല്‍മതി.  ഇതു വഴി കടം തിരിച്ചടവില്‍ വീഴ്ച വരുത്തുന്നത് ഒഴിവാക്കാന്‍ സാധിച്ചുവെന്നു മാത്രമല്ല, തിരിച്ചടവിന് കൂടുതല്‍ സമയവും കിട്ടിയിരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ സാമ്പത്തിക വിപണികള്‍ക്കും ചൈനീസ് സര്‍ക്കാരിനും ഒരു നല്ല വാര്‍ത്തയാണ്. കണ്‍ട്രി ഗാര്‍ഡന്‍ ഓഹരികള്‍ക്ക് ഉണ്ടായ നേട്ടം മറ്റ് റിയല്‍ എസ്റ്റേറ്റ് സ്റ്റോക്കുകള്‍ക്കും ആവേശമായി മാറി.

ചൈനയുടെ റിയല്‍ എസ്റ്റേറ്റ് മേഖല അഭൂതപൂര്‍വമായ പ്രതിസന്ധിക്കാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കോവിഡ് -19 -ന് ശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന ചൈനീസ് സമ്പദ് വ്യവസ്ഥക്ക് റിയല്‍ എസ്റ്റേറ്റ് വിപണി കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. പ്രോപ്പര്‍ട്ടി മേഖലയെ പിന്തുണയ്ക്കുന്നതിനായി ചൈനീസ് സര്‍ക്കാര്‍ വിവിധ നടപടികള്‍ അവതരിപ്പിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല. കടം തിരിച്ചടവ് കാലാവധി നീട്ടിയതുമാത്രമാണ് ഒരല്‍പ്പം ആശ്വാസമായത്.

അതേസമയം, ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഭീമനായ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ഓഗസ്റ്റില്‍ യുഎസില്‍ പാപ്പര്‍ ഹര്‍ജി  ഫയല്‍ ചെയ്തിട്ടുണ്ട്. എവര്‍ഗ്രാന്‍ഡിന്റെ അഫിലിയേറ്റ് കമ്പനികളായ ടിയാന്‍ജി ഹോള്‍ഡിംഗ്, സീനറി ജേര്‍ണി എന്നിവയും കോടതിയിലെത്തിയിട്ടുണ്ട്. 2021ല്‍ എവര്‍ഗ്രാന്‍ഡെയുടെ ബാധ്യത 30,000 കോടി ഡോളറിന്‍റേതായിരുന്നു. ഇത് ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ അസ്ഥിരത പടരുന്നു എന്ന വാദത്തിന് ശക്തി പകരുകയും ചെയ്തിരുന്നു.

Tags:    

Similar News