ഗ്രാമീണ സംരംഭകര്‍ക്ക് സേവനമെത്തിക്കാന്‍ സിഡ്ബി- ഐപിപിബി സഹകരണം
- ഗ്രാമീണ മേഖലകളിലെ എം എസ് എം ഇകൾക്ക് വായ്പ സൗകര്യം ലക്ഷ്യമിടുന്നു
- ഫിൻ ടെക്ക് മേഖലയെ കൂടി പ്രയോജനപ്പെടുത്തും
ഗ്രാമങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും എംഎസ്എംഇകള്‍ക്ക് സാമ്പത്തികമുള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും ചെറുകിട വ്യവസായ വികസന ബാങ്കും (സിഡ്ബി) സഹകരിച്ച് പ്രവര്‍ത്തിക്കും.
സിഡ്ബി ചെറുകിട ബിസിനസുകള്‍ക്ക് ധനസഹായം നല്‍കുന്നു. അതെ സമയം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അവര്‍ക്കാവശ്യമായ ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കും. പേയ്‌മെന്റ് ബാങ്കുകള്‍ക്ക് സ്വന്തമായി വായ്പ നല്‍കാന്‍ അനുവാദമില്ല. എന്നാല്‍ വായ്പ നല്‍കുവാന്‍ അുവാദമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാം.
ഇന്ത്യന്‍ പോസ്റ്റല്‍ മേഖലയ്ക്കു ഗ്രാമീണ മേഖലയിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ആ മേഖലയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഡിജിറ്റലായും അല്ലാതെയും എത്തിക്കാനാണ് സിഡ്ബി ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ പേയ്മെന്റ് , യുപിഐ, ക്യു ആര്‍ കോഡ് തുടങ്ങിയവ സിഡ്ബിയുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ലഭ്യമാക്കും. പോസ്റ്റല്‍ ജീവനക്കാര്‍ക്ക് ഇരു കമ്പനികളും ചേര്‍ന്ന് നൈപുണ്യ പരിശീലനവും നല്‍കുവാന്‍ ധാരണയായിട്ടുണ്ട്. സിഡ്ബി സിഎംഡി ശിവസുബ്രമണ്യന്‍ രാമനും ഐപിപിബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജെ. വെങ്കിടറാമുമാണ് ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുവച്ചത്.
ഗ്രാമീണ മേഖലയിലെ സാമ്പത്തിക സേവനങ്ങളിലെ നവീകരണത്തിനായി ഫിന്‍ ടെക്ക് മേഖലയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വാവലംബന്‍ ചാലഞ്ച് ഫണ്ടും ഇരു ബാങ്കുകളും പ്രഖ്യാപിച്ചു.
രാജ്യത്ത് 155000 പോസ്റ്റ് ഓഫീസുകളും 3 ലക്ഷം തപാല്‍ ജീവനക്കാരുമുണ്ട്. ഇതുപയോഗപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിനു സാധിക്കും. 2018-ല്‍ ആരംഭിച്ച ഐപിപിബി പേപ്പര്‍രഹിത കോര്‍ ബാങ്കിംഗ് സേവനമാണ് നല്‍കുന്നത്.