കേരളത്തിലെ മുദ്രാ വായ്പകളിലെ കിട്ടാക്കടം 10.03 %

  • കിട്ടാകടം ഏകദേശം 1,482.98 കോടി രൂപ വരും
  • മുദ്ര ലോണ്‍ ഏറ്റവും കൂടുതല്‍ അനുവദിച്ചത് ഫെഡറല്‍ ബാങ്ക്
  • കൂടുതല്‍ മുദ്ര വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി മാറിയത് സിഎസ്ബിയില്‍

Update: 2023-07-18 08:44 GMT


കേരളത്തില്‍ വിതരണം ചെയ്ത മുദ്രാ വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളായി മാറുന്നത് വായ്പാ വളര്‍ച്ചയ്ക്കു വെല്ലുവിളി ഉയര്‍ത്തുമെന്നു ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നു.

myfinpoint.comന് ലഭ്യമായ കണക്ക് അനുസരിച്ചു സംസ്ഥാനത്തെ മുദ്ര ലോണുകള്‍ 2023 മാര്‍ച്ച് 31 വരെ 14,783.66 കോടി രൂപയുണ്ടെന്നാണ്. ഇതില്‍ 10.03 ശതമാനം കിട്ടാകടമായി മാറി. ഇത് ഏകദേശം 1,482.98 കോടി രൂപ വരും.

2022 മാര്‍ച്ച് അവസാനം രാജ്യത്തെ മുദ്ര വായ്പകളില്‍ 3.17 ശതമാനം മാത്രമായിരുന്നു നിഷ്‌ക്രിയ ആസ്തികളായി മാറിയത്.

വാസ്തവത്തില്‍, കേരളത്തിലെ ബാങ്കുകള്‍ മുദ്ര വായ്പകള്‍ അനുവദിക്കുന്നതിന് വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. മുദ്ര വായ്പകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ പുറത്തുവിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും.

കേരളത്തിലെ പ്രമുഖമായ നാല് ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി), സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ മൊത്തം മുദ്ര ലോണുകള്‍ 2023 മാര്‍ച്ച് അവസാനം വരെ 338.31 കോടി രൂപയാണ്. ഇക്കാലയളവിലെ അവരുടെ നിഷ്‌ക്രിയ ആസ്തി 12.58 ശതമാനമാണ്. അതായത് 42.55 കോടി രൂപ.

ശതമാനത്തില്‍ ഏറ്റവും കൂടുതല്‍ മുദ്ര വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി മാറിയത് സിഎസ്ബി ബാങ്കിലാണ്. ബാങ്ക് അനുവദിച്ച മുദ്ര വായ്പകളില്‍ പകുതിയിലേറെയും നിഷ്‌ക്രിയ ആസ്തിയായി മാറി.

2.72 കോടി രൂപയാണ് മുദ്ര വായ്പയായി അനുവദിച്ചത്. ഇതില്‍ 51.84 ശതമാനവും നിഷ്‌ക്രിയ ആസ്തിയായി. ഏകദേശം 1.41 കോടി രൂപ വരുമിത്.

സംസ്ഥാനത്ത്, മുന്‍നിര ബാങ്കുകളില്‍ വച്ച് മുദ്ര ലോണ്‍ ഏറ്റവും കൂടുതല്‍ അനുവദിച്ചത് ഫെഡറല്‍ ബാങ്കാണ്. 266.88 കോടി രൂപയാണ് ഫെഡറല്‍ ബാങ്ക് മുദ്ര വായ്പയായി അനുവദിച്ചത്. ഫെഡറല്‍ ബാങ്കിന്റെ മുദ്ര വായ്പകളില്‍ 11.69 ശതമാനം നിഷ്‌ക്രിയ ആസ്തിയാവുകയും ചെയ്തു.

3,263.66 കോടി രൂപയാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അനുവദിച്ചത്.

പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ മുദ്ര ലോണ്‍ ദാതാക്കളിലും വച്ച് ഏറ്റവുമധികം മുദ്ര വായ്പ അനുവദിച്ചതും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ്. മുദ്ര വായ്പ അനുവദിച്ച കാര്യത്തില്‍ മാത്രമല്ല, നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തിലും ഇവര്‍ തന്നെയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വെറും 6.48 ശതമാനമാണ്.

ഇത് ബാങ്കിംഗ് രംഗത്തുള്ളവരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.

2022-23 സാമ്പത്തിക വര്‍ഷാവസാനം പൊതുമേഖലാ ബാങ്കുകള്‍ മുദ്ര വായ്പയായി അനുവദിച്ചത് മൊത്തം 5,835.58 കോടി രൂപയാണ്. സ്വകാര്യമേഖലാ ബാങ്കുകള്‍ അനുവദിച്ചത് 2,921.60 കോടി രൂപയും.


Tags:    

Similar News