ഹൈദരാബാദ്, ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടുകള്‍ക്ക്‌ ആഗോള പുരസ്‌കാരം

  • പ്രവര്‍ത്തന മികവിനും കൃത്യനിഷ്ഠയ്ക്കുമാണ് അവാർഡ്
  • ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
  • മീഡിയം എയര്‍പോര്‍ട്ട് വിഭാഗത്തില്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഒമ്പതാം സ്ഥാനത്ത്

Update: 2024-01-03 09:14 GMT

പ്രവര്‍ത്തന മികവിന്റെയും കൃത്യനിഷ്ഠയുടെയും അടിസ്ഥാനത്തില്‍ ആഗോള തലത്തിലെ മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുളള ഹൈദരാബാദ്, ബാംഗ്ലൂര്‍,കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ സ്ഥാനം പിടിച്ചു. ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം തയ്യാറാക്കിയ 2023 ലെ ഓണ്‍ടൈം പെര്‍ഫോമന്‍സ് അവലോകനത്തിലാണ് ഇന്ത്യയില്‍ നിന്നുളള മൂന്ന് വിമാനത്താവളങ്ങള്‍ക്ക്  അംഗീകാരം ലഭിച്ചിരിക്കുന്നത്.

2023 ലെ ഓണ്‍ടൈം പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട്

സിറിയത്തിന്റെ 2023 ലെ റിപ്പോര്‍ട്ട് പ്രകാരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആഗോള വിമാനത്താവളങ്ങളുടെയും വലിയ വിമാനത്താവളങ്ങളുടെയും വിമാന സര്‍വീസുകളുടെ  കൃത്യനിഷ്ഠയിൽ   84.42 ശതമാനം ഓണ്‍ടൈം പെര്‍ഫോമന്‍സ് പ്രകടനവുമായി രണ്ടാം സ്ഥാനത്താണ്. 84.08 ശതമാനം പ്രകടനവുമായി ബാംഗ്ലൂര്‍ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം രണ്ട് സെഗ്‌മെന്റുകളിലും മൂന്നാം സ്ഥാനവും നേടി. യുഎസിലെ മിനിയാപൊളിസ് സെന്റ്. പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്( 84.44 ശതമാനം)  രണ്ട് പട്ടികയിലും ഒന്നാമത്. മീഡിയം എയര്‍പോര്‍ട്ട് വിഭാഗത്തില്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (83.91 ശതമാനം)  ഒമ്പതാം സ്ഥാനത്താണ്. മീഡിയം എയര്‍പോര്‍ട്ട് വിഭാഗത്തില്‍ ജപ്പാനിലെ ഒസാക്ക ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് (90.71ശതമാനം)  ഒന്നാമത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ സര്‍വീസായ ഇന്‍ഡിഗോയുടെ ഓണ്‍ടൈം പെര്‍ഫോമന്‍സ് 82.12 ശതമാനമാണ്. ചെലവ് കുറഞ്ഞ കാരിയര്‍ വിഭാഗത്തില്‍ എട്ടാം സ്ഥാനവും ഏഷ്യാ പസഫിക് വിഭാഗത്തില്‍ നാലാം സ്ഥാനവുമാണ്‌ ഇന്‍ഡിഗോക്ക്‌.

92.36 ശതമാനവുമായി സൗത്ത് ആഫ്രിക്കയുടെ സഫെയര്‍ ആണ് ലോ കോസ്റ്റ് കാരിയര്‍ വിഭാഗത്തില്‍ ഒന്നാമത്. ഏഷ്യാ പസഫിക് വിഭാഗത്തില്‍ ജപ്പാനിലെ ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ് (82.75 ശതമാനം) ഒന്നാം സ്ഥാനത്തും ജപ്പാന്‍ എയര്‍ലൈന്‍സ് (82.58 ശതമാനം), തായ് എയര്‍ഏഷ്യ (82.52 ശതമാനം) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമാണ്.

കൊളംബിയയിലെ ബൊഗോട്ട ആസ്ഥാനമായുള്ള ഏവിയാങ്ക എയര്‍ലൈന്‍സിനാണ് കൃത്യസമയത്ത് വിമാന സര്‍വീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികളില്‍ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ആഗോള വിഭാഗത്തില്‍ ഇന്ത്യന്‍ കാരിയര്‍മാരില്ല.

Tags:    

Similar News