425 കോടി രൂപയുടെ ഫണ്ടിംഗ് ഉറപ്പാക്കി ഗോ ഫസ്റ്റ്
- 22 എയര്‍ക്രാഫ്റ്റുകള്‍വച്ച് 78 പ്രതിദിന സര്‍വീസുമായി ജുലൈയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഗോ എയര്‍ലൈന്‍ തീരുമാനിച്ചിരിക്കുന്നത്
- രണ്ടാഴ്ചയ്ക്കുള്ളില്‍ ഗോ ഫസ്റ്റിന് ഇടക്കാല ധനസഹായം ലഭിക്കുമെന്നാണു കരുതുന്നത്
- രാജ്യത്തെ ചെലവ് കുറഞ്ഞ യാത്രാനിരക്കുള്ള വിമാന സര്‍വീസിന് പേരുകേട്ടതാണ് ഗോ ഫസ്റ്റ്
കഴിഞ്ഞ മാസം പാപ്പരത്തത്തിനായി അപേക്ഷിച്ച വിമാനക്കമ്പനിയായ ഗോ എയര്‍ലൈന്‍സ് (ഇന്ത്യ) ലിമിറ്റഡ്, 425 കോടി രൂപയുടെ ഫണ്ടിംഗ് ഉറപ്പാക്കി. പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു വേണ്ടി ഇടക്കാല ഫണ്ടിംഗിനായി എയര്‍ലൈനിന്റെ വായ്പക്കാരുടെ അംഗീകാരം നേടുകയായിരുന്നു.
ഗോ എയര്‍ലൈന്‍ തയാറാക്കിയ ബിസിനസ് പ്ലാനിന്റെ അടിസ്ഥാനത്തിലാണിത്.
ഇടക്കാല ധനസഹായത്തിന് തത്വത്തില്‍ അംഗീകാരം നേടിയെങ്കിലും ധനസഹായം നല്‍കുന്ന ബാങ്കുകളുടെ ബോര്‍ഡ് കൂടി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഗോ എയര്‍ലൈനിന് വായ്പ നല്‍കുക.
രണ്ടാഴ്ചയ്ക്കുള്ളില്‍ ഗോ ഫസ്റ്റിന് ഇടക്കാല ധനസഹായം ലഭിക്കുമെന്നാണു കരുതുന്നത്.
22 എയര്‍ക്രാഫ്റ്റുകള്‍വച്ച് 78 പ്രതിദിന സര്‍വീസുമായി ജുലൈയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഗോ എയര്‍ലൈന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് മൂന്നിനായിരുന്നു പ്രവര്‍ത്തനം നിറുത്തിവച്ചത്.
എയര്‍ലൈനിന്റെ റെസല്യൂഷന്‍ പ്രഫഷണല്‍ ശൈലേന്ദ്ര അജ്‌മേരയാണ് ഇടക്കാല ധനസഹായം ഉറപ്പാക്കുന്നതിനുള്ള പ്രൊപ്പോസല്‍ എയര്‍ലൈനിന്റെ ക്രെഡിറ്റര്‍മാര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. ഇതാണ് ക്രെഡിറ്റര്‍മാര്‍ അംഗീകരിച്ചത്.
എയര്‍ലൈനിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി ലഭിക്കേണ്ടതുണ്ട്.
കഴിഞ്ഞ മാസം പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ലൈന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഇത്തരത്തില്‍ സര്‍വീസ് റദ്ദാക്കിയപ്പോള്‍ ടിക്കറ്റ് തുകയുടെ നഷ്ടപരിഹാരമുള്‍പ്പെടെ നിരവധി ചെലവുകള്‍ക്ക് പണം ആവശ്യമാണ്.
ഇത് മുന്‍നിര്‍ത്തിയാണ് ഇടക്കാല ധനസഹായത്തിന് എയര്‍ലൈന്‍ അപേക്ഷിച്ചത്.
രാജ്യത്തെ ചെലവ് കുറഞ്ഞ യാത്രാനിരക്കുള്ള വിമാന സര്‍വീസിന് പേരുകേട്ടതാണ് ഗോ ഫസ്റ്റ്.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ എയര്‍ലൈന്‍ ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിച്ചിരുന്നു.
ഗോ എയര്‍ എയര്‍ലൈന്‍ എന്നായിരുന്നു ആദ്യ പേര്. എന്നാല്‍ ഗോ ഫസ്റ്റ് എന്ന് രണ്ട് വര്‍ഷം മുമ്പ് പുനര്‍നാമകരണം ചെയ്തു.
നല്ല രീതിയില്‍ സര്‍വീസ് നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ ചിറകൊടിച്ചത് ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും, കുറഞ്ഞ ലാഭക്ഷമതയുമാണ്. അമേരിക്കന്‍ വിമാന എന്‍ജിന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ എന്‍ജിനാണ് ഗോ ഫസ്റ്റ് വിമാനങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്. ഈ എന്‍ജിനുകളാകട്ടെ മിക്കപ്പോഴും പണിമുടക്കുകയും ചെയ്തു. ഇതാകട്ടെ ഫ്‌ളൈറ്റ് ഓപ്പറേഷനുകള്‍ ഗോ ഫസ്റ്റ് അവസാനിപ്പിക്കുന്നതിലേക്ക് വരെ നയിക്കുകയും ചെയ്തു.
മെയ് മാസം എയര്‍ലൈന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഡിജിസിഎയുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 5000-ത്തോളം വരുന്ന ജീവനക്കാരാണ് ഗോ ഫസ്റ്റിലുള്ളത്.