ഭാഗ്യചിഹ്നം ' മഹാരാജ ' യെ എയര്‍ ഇന്ത്യ ഒഴിവാക്കുമോ ?

  • 1946-ല്‍ രൂപകല്‍പ്പന ചെയ്തതാണ് ' മഹാരാജ ' എന്ന എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നം
  • പുതിയ ഡെസ്റ്റിനേഷന്‍ ലോഞ്ചുകളുടെ പ്രചാരണത്തില്‍ ' മഹാരാജ ' ലോഗോ ഉപയോഗിക്കുന്നില്ല
  • എയര്‍ ഇന്ത്യ പ്രചരണങ്ങള്‍ക്ക് ' മഹാരാജ' യെ ഉപയോഗിക്കുമോ എന്നതാണ് ചോദ്യം

Update: 2023-06-30 10:32 GMT

ലക്ഷക്കണക്കിന് യാത്രക്കാരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ എയര്‍ ഇന്ത്യയുടെ ഭാഗ്യ ചിഹ്നമായ ' മഹാരാജ ' വിരമിക്കുകയാണോ ?

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടുന്നതിനും ഒരു വര്‍ഷം മുമ്പാണ് ' മഹാരാജ ' യുടെ ജനനം. ഇപ്പോള്‍ 77 വയസിലെത്തിയിരിക്കുന്നു. ഒരു മനുഷ്യനെ സംബന്ധിച്ചാണെങ്കില്‍ വിശ്രമ ജീവിതം നയിക്കുന്ന സമയമായിരിക്കുമിത്. എന്നാല്‍ ഇവിടെ ' മഹാരാജ ' എന്നത് എയര്‍ ഇന്ത്യയെ കുറിച്ചുള്ള നൊസ്റ്റാല്‍ജിയ സമ്മാനിക്കുന്ന ഒരു ഭാഗ്യചിഹ്നമാണ്. അതിന് ജനമനസ്സുകളില്‍ വിശ്രമമില്ല.

2022-ല്‍ ടാറ്റ ഏറ്റെടുത്തതിനു ശേഷം എയര്‍ ഇന്ത്യ വലിയൊരു മാറ്റത്തിന് വിധേയമായിരിക്കുകയാണ്. എയര്‍ ഇന്ത്യയെ ഒരു പ്രധാന അന്താരാഷ്ട്ര വ്യോമയാന കമ്പനിയാക്കി മാറ്റിയെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നത്. എയര്‍ ഇന്ത്യയുടെ പരസ്യവും ബ്രാന്‍ഡിംഗും ചെയ്യാനായി പരസ്യ ഏജന്‍സിയായ മക് കാന്‍ വേള്‍ഡ് ഗ്രൂപ്പ് ഇന്ത്യയെ (McCann Worldgroup India) ടാറ്റ ഏല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുതിയ ചിഹ്നം സൃഷ്ടിക്കുന്നതിനെ കുറിച്ചു ചര്‍ച്ചകള്‍ നടന്നപ്പോള്‍, ' മഹാരാജ ' എയര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ ഭാഗമായി തുടരുമെന്ന് സിഇഒ വ്യക്തമാക്കിയിരുന്നു. 2015-ല്‍ പുനര്‍നിര്‍മിച്ച ' മഹാരാജ ' ചിഹ്നം ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണെങ്കിലും ആധുനിക എയര്‍ലൈന്‍ വ്യവസായത്തില്‍ കാലഹരണപ്പെട്ടതാണെന്ന സംസാരവുമുണ്ട്.

എയര്‍ ഇന്ത്യയുടെ കൊമേഴ്‌സ്യല്‍ ഡയറക്ടറായിരുന്ന ബോബി കൂക്കയും പരസ്യ ഏജന്‍സിയായ ജെ. വാള്‍ട്ടര്‍ തോംസണിലെ ആര്‍ട്ടിസ്റ്റായ ഉമേഷ് റാവുവും ചേര്‍ന്ന് 1946-ല്‍ രൂപകല്‍പ്പന ചെയ്തതാണ് ' മഹാരാജ ' എന്ന എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നം. രാജകീയ വേഷത്തില്‍, കൊമ്പന്‍ മീശയുമായി, കൈകള്‍ കൂപ്പി നില്‍ക്കുന്ന ഒരു ആണ്‍രൂപമാണ് ' മഹാരാജ '.

അക്കാലത്ത് വിമാനയാത്ര എന്നാല്‍ വളരെ ആഡംബരമായി കരുതിയിരുന്ന കാലം കൂടിയായിരുന്നു. അക്കാലത്ത് ഇന്ത്യ മഹാരാജാക്കന്മാരുടെ രാജ്യമായിട്ടാണ് അറിയപ്പെട്ടിരുന്നത്. കാലക്രമേണ ഈ ചിഹ്നം വൈവിധ്യപൂര്‍ണമായി തീരുകയും ചെയ്തു. ചിഹ്നത്തില്‍ ഒരു വിനയവും, തമാശയും, വികൃതിയുമൊക്കെ ദര്‍ശിക്കാനും പലര്‍ക്കും സാധിച്ചു.

എന്നാലിപ്പോള്‍ വലിയൊരു മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യ ഇനിയുള്ള പരസ്യപ്രചരണങ്ങള്‍ക്ക് ' മഹാരാജ ' എന്ന ഭാഗ്യ ചിഹ്നത്തെ ഉപയോഗിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടാറ്റ ഗ്രൂപ്പ് ലണ്ടന്‍ ആസ്ഥാനമായ ബ്രാന്‍ഡ് ആന്‍ഡ് ഡിസൈന്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഫ്യൂച്ചര്‍ബ്രാന്‍ഡ്‌സിനെ എയര്‍ ഇന്ത്യയുടെ ബ്രാന്‍ഡിംഗ് തന്ത്രം പുനക്രമീകരിക്കുന്നതിനായി സമീപിച്ചിരുന്നു. അന്ന് ചര്‍ച്ചകളില്‍ നിറഞ്ഞൊരു കാര്യം എയര്‍ ഇന്ത്യയ്ക്കായി ഒരു പുതിയ ചിഹ്നം സൃഷ്ടിക്കുക എന്നതായിരുന്നു. ' മഹാരാജ ' ചിഹ്നം കാലഹരണപ്പെട്ടു എന്നും ഒരു സംസാരമുണ്ടായി. മാത്രമല്ല, ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ പുതിയ ഡെസ്റ്റിനേഷന്‍ ലോഞ്ചുകളുടെ പ്രചാരണത്തില്‍ ' മഹാരാജ ' ലോഗോ ഉപയോഗിക്കുന്നില്ല.

' മഹാരാജ ' ലോഗോയെ പൂര്‍ണമായും ഒഴിവാക്കാന്‍ ഏതായാലും അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും എമിറേറ്റ്‌സ് പോലുള്ള കമ്പനികളുമായി മത്സരിക്കാന്‍ എയര്‍ ഇന്ത്യ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ ' മഹാരാജ ' യ്ക്ക് കാര്യമായ മാറ്റം സംഭവിച്ചേക്കുമെന്നു സൂചനയുണ്ട്.

2015-ല്‍ ' മഹാരാജ ' യെ പുനര്‍നിര്‍മിച്ചിരുന്നു.മഹാരാജ ഒരു ചിഹ്നമെന്ന നിലയില്‍ കാലഹരണപ്പെട്ടതായി തോന്നുമെങ്കിലും ഗൃഹാതുരത്വത്തിന്റെ ശക്തി ആര്‍ക്കും അവഗണിക്കാനാവില്ല. പ്രത്യേകിച്ചും ഒരു കാലത്ത് ഗുണനിലവാരമുള്ള സേവനത്തിന് പേരുകേട്ട ഒരു ബ്രാന്‍ഡായിരുന്ന എയര്‍ ഇന്ത്യയുടെ കാര്യത്തില്‍.

വിമാനയാത്ര ഒരു രാജകീയ അനുഭവമോ ആഡംബരമോ ആയി പരിഗണിക്കപ്പെടാത്തൊരു കാലമാണിത്. സാധാരണക്കാര്‍ക്കു പോലും പ്രാപ്യമാണ് ഇന്ന് വിമാനയാത്ര. അതിനാല്‍ രാജകീയ വേഷധാരിയായ മഹാരാജയെ ഒരു ചിഹ്നമായി പരിഗണിക്കുന്നതിനും പരിമിതിയുണ്ട്.

പുതുകാലഘട്ടം ആഡംബരത്തേക്കാള്‍ കാര്യക്ഷമതയാണ് ആവശ്യപ്പെടുന്നത്. 2001-ല്‍ എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന മൈക്കല്‍ മസ്‌കരെനസ് പറഞ്ഞത് ' മഹാരാജ ' യെ പോലെ മറ്റൊരു എയര്‍ലൈനിനും ഇതുപോലൊരു ഭാഗ്യചിഹ്നം ഉണ്ടായിട്ടില്ല എന്നാണ്.

Tags:    

Similar News