ടെസ്‌ല 2024-ല്‍ തന്നെ; ഗുജറാത്തില്‍ ആദ്യ പ്ലാന്റ് സ്ഥാപിക്കും
- യൂണിറ്റ് സ്ഥാപിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി പറയപ്പെടുന്നത് സാനന്ദ്, ബേച്ചരാജി, ധോലേര എന്നിവയാണ്
- ഗുജറാത്തിലെ സാനന്ദ് എന്ന പ്രദേശം കാണ്ട്‌ല-മുന്‍ദ്ര തുറമുഖവുമായി വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്
- 2024 ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നടക്കുമ്പോള്‍ ടെസ് ലയുടെ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടക്കും
പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല 2024-ല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആദ്യ മാനുഫാക്ചറിംഗ് പ്ലാന്റ് 2024-ല്‍ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ ടെസ് ലയുടെ ആദ്യ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഒരു തീരുമാനത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണു സൂചന.
2024 ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നടക്കുമ്പോള്‍ ടെസ് ലയുടെ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടക്കുമെന്നു അഹമ്മദാബാദ് മിറര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ ബിസിനസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തന്ത്രപ്രധാനമായ സംസ്ഥാനമായി ഗുജറാത്ത് മാറിക്കൊണ്ടിരിക്കുകയാണ്. മാരുതി സുസുക്കി പോലുള്ള മുന്‍നിര വാഹന നിര്‍മാതാക്കളുടെ മാനുഫാക്ചറിംഗ് യൂണിറ്റ് ഗുജറാത്തിലുണ്ട്.
ഇപ്പോള്‍ ടെസ് ലയുടെ യൂണിറ്റ് സ്ഥാപിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി പറയപ്പെടുന്നത് സാനന്ദ്, ബേച്ചരാജി, ധോലേര എന്നിവയാണ്.
ബിസിനസ് സംരംഭങ്ങള്‍ക്കായി ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച അനുകൂല നയങ്ങള്‍ മാത്രമല്ല, ടെസ് ലയെ ആകര്‍ഷിച്ചത്.
ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി എളുപ്പമാക്കുന്ന തുറമുഖങ്ങളുടെ സാമീപ്യം കൂടി ഉള്ളതിനാലാണ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഗുജറാത്തിനെ ടെസ് ല തിരഞ്ഞെടുത്തത്.
ഗുജറാത്തിലെ സാനന്ദ് എന്ന പ്രദേശം കാണ്ട്‌ല-മുന്‍ദ്ര തുറമുഖവുമായി വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.