മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പനയില്‍ വര്‍ധന

  • എന്‍ട്രി ലെവല്‍ മിനി കാറുകളുടെ വില്‍പ്പന കുറഞ്ഞു
  • കോംപാക്റ്റ് കാറുകളുടെ വില്‍പ്പനയും ഇടിഞ്ഞു
  • കയറ്റുമതി വര്‍ധിച്ചു

Update: 2023-12-01 11:19 GMT

നവംബറില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 3.39 ശതമാനം ഉയര്‍ന്ന് 1,64,439 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന 1,59,044 യൂണിറ്റുകളായിരുന്നു.

പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, തേര്‍ഡ് പാര്‍ട്ടി സപ്ലൈസ് എന്നിവ ഉള്‍പ്പെടുന്ന മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 1,41,489 യൂണിറ്റായിരുന്നു. ഇത് 1.57 ശതമാനം വര്‍ധിച്ചതായി മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

മൊത്തത്തിലുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന (പിവി) വില്‍പ്പന 2022 നവംബറിലെ 1,32,395 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത്ത് 1.33 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വില്‍പ്പന 1,34,158 യൂണിറ്റായി ഉയര്‍ന്നു.

അതേസമയം ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന എന്‍ട്രി ലെവല്‍ മിനി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 18,251 യൂണിറ്റില്‍ നിന്ന് 9,959 യൂണിറ്റായി കുറഞ്ഞു.

അതുപോലെ, ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പന 2023 നവംബറില്‍ 64,679 യൂണിറ്റായും കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 72,844 യൂണിറ്റുകളായിരുന്നുവെന്ന് കമ്പനി. പറഞ്ഞു.

മറുവശത്ത്, ബ്രെസ്സ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ, ജിംനി, എസ്-ക്രോസ്, എക്‌സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹന വില്‍പ്പന കഴിഞ്ഞ മാസം 49,016 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.

2022 നവംബറിലെ 1,554 യൂണിറ്റുകളെ അപേക്ഷിച്ച് മിഡ്-സൈസ് സെഡാന്‍ സിയാസ് കഴിഞ്ഞ മാസം 278 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. അതേസമയം അതിന്റെ വാന്‍ ഇക്കോയുടെ വില്‍പ്പന 10,226 യൂണിറ്റുകളായി ഉയര്‍ന്നിട്ടുമുണ്ട്.

2022 നവംബറിലെ 19,738 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ കയറ്റുമതി 22,950 യൂണിറ്റായി ഉയര്‍ന്നതായി മാരുതി സുസുക്കി പറഞ്ഞു.

Tags:    

Similar News