ജനുവരി മുതല്‍ ഹ്യൂണ്ടായ് കാറുകള്‍ക്കും വില കൂടും
- വില വര്‍ധനയുടെ തോത് കമ്പനി വ്യക്തമാക്കിയിട്ടില്ല
- ഇതിനകം അഞ്ചോളം വാഹന കമ്പനികള്‍ ജനുവരി മുതലുള്ള നിരക്ക് വര്‍ധന പ്രഖ്യാപിച്ചു
ജനുവരി മുതല്‍ തങ്ങളുടെ വാഹന മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഹ്യൂണ്ടായ് മോട്ടോര്‍സ് അറിയിച്ചു. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും ചരക്ക് വിലയിലെ വർധനയും ചൂണ്ടിക്കാട്ടിയാണ് കൊറിയൻ കാർ നിർമാതാവ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.
5 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ വരുന്ന, വിവിധ ശ്രേണിയിലുള്ള വാഹനങ്ങൾ ഇന്ത്യയില്‍ ഹ്യൂണ്ടായ് വിൽക്കുന്നു. ഓരോ വാഹന മോഡലിന്‍റെയും വിലയില്‍ വരുത്തുന്ന വര്‍ധന സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
“എന്നിരുന്നാലും, ഉയരുന്ന ഇൻപുട്ട് ചെലവിന്റെ ഒരു ഭാഗം ചെറിയ വില വർദ്ധനയിലൂടെ വിപണിയിലേക്ക് കൈമാറേണ്ടത് ഇപ്പോൾ അനിവാര്യമായിരിക്കുന്നു, ” എച്ച്എംഐഎൽ സിഒഒ തരുൺ ഗാർഗ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഭാരം സൃഷ്ടിക്കാത്ത തരത്തില്‍ പരിധിക്കകത്തു നിന്നുകൊണ്ടുള്ള വര്‍ധന മാത്രമായിരിക്കും നടപ്പാക്കുകയെന്നും ഭാവിയിലെ വര്‍ധനകള്‍ ഒഴിവാക്കാന്‍ ആന്തരികമായ ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഹോണ്ട, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഔഡി ഇന്ത്യ എന്നീ കമ്പനികളും 2024 ജനുവരിയിൽ തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള പണപ്പെരുപ്പവും ചരക്കുകളുടെ നിരക്ക് വര്‍ധന മൂലമുണ്ടാകുന്ന ചെലവ് സമ്മർദ്ദവും ഉൾപ്പെടെയുള്ള കാരണങ്ങളാണ് വാഹന നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
കൂടാതെ, ടാറ്റ മോട്ടോഴ്‌സും മെഴ്‌സിഡസ് ബെൻസ് ഇന്ത്യയും ജനുവരി മുതൽ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ ആലോചിക്കുന്നു.