ഓട്ടോറീട്ടെയില്‍ വില്‍പ്പനയില്‍ എട്ട് ശതമാനം ഇടിവ്

  • നവരാത്രികാലത്ത് വില്‍പ്പനയില്‍ 18 ശതമാനം വര്‍ധന
  • 2023 ഒക്ടോബറില്‍ മൊത്തവില്‍പ്പന 2.117 ദശലക്ഷം യൂണിറ്റായി കുറഞ്ഞു

Update: 2023-11-06 06:57 GMT

ഒക്ടോബറില്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇരുചക്ര, പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവ യഥാക്രമം 13 ശതമാനവും 1.4 ശതമാനവുമാണ് ഇടിഞ്ഞത്. അതേസമയം നവരാത്രി കാലയളവില്‍ (ഒക്ടോബര്‍ 15-24) ഈ മേഖല 18 ശതമാനം എന്ന റെക്കാര്‍ഡ് വില്‍പ്പനവര്‍ധനവ് രേഖപ്പെടുത്തി.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ) പങ്കിട്ട കണക്കുകള്‍ പ്രകാരം 2022 ഒക്ടോബറിലെ 2.295 ദശലക്ഷം യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ മൊത്ത വില്‍പ്പന 2.117 ദശലക്ഷം യൂണിറ്റായി കുറഞ്ഞു.

മറുവശത്ത്, അവലോകന കാലയളവില്‍ മുച്ചക്ര വാഹനങ്ങള്‍ 46 ശതമാനവും വാണിജ്യ വാഹനങ്ങള്‍ 10.3 ശതമാനവും ട്രാക്ടറുകള്‍ 6.2 ശതമാനവും വില്‍പ്പന വര്‍ധിപ്പിച്ചു.

മാസാമാസവില്‍പ്പന താരതമ്യം ചെയ്യുമ്പോള്‍, എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള സംഭാവനകളോടെ, ഓട്ടോ റീട്ടെയില്‍ 13 ശതമാനം വര്‍ധന കൈവരിച്ചതായി എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു. 2023-ലെ നവരാത്രിയില്‍ ചില്ലറവില്‍പ്പന 18 ശതമാനം കുതിച്ചുയര്‍ന്നു. ഇത് 2017ലെ കണക്കിനെ മറികടന്നു. 8 ശതമാനം ഇടിവ് കണ്ട ട്രാക്ടറുകള്‍ ഒഴികെ, എല്ലാ വിഭാഗങ്ങളും മികച്ച വളര്‍ച്ച പ്രകടമാക്കി. ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍ എന്നിവ യഥാക്രമം 22 ശതമാനം, 43 ശതമാനം, 9 ശതമാനം, 7 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു.

ഇരുചക്രവാഹനങ്ങളില്‍, മുന്‍നിര കമ്പനികളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍, ടിവിഎസ് മോട്ടോര്‍ എന്നിവ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് യഥാക്രമം 26 ശതമാനം, 10 ശതമാനം, 5.4 ശതമാനം വില്‍പ്പന കുറഞ്ഞു. ഒക്ടോബറില്‍ 104,711 മാര്‍ക്ക് മുച്ചക്ര വാഹനവില്‍പ്പന രേഖപ്പെടുത്തി, സെപ്റ്റംബറില്‍ ഇത് 102,426 ആയിരുന്നു. ഈ രണ്ട് മാസങ്ങളിലും വില്‍പ്പന 100,000 കടന്നു.

പാസഞ്ചര്‍ വാഹനങ്ങളില്‍, അവലോകന കാലയളവില്‍, മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പന 3 ശതമാനവും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 2 ശതമാനവും ടാറ്റ മോട്ടോഴ്സിന്റെ 3 ശതമാനവും വില്‍പ്പന കുറഞ്ഞു.

Tags:    

Similar News