ഗോവയില്‍ ടൂറിസ്റ്റ് വാഹനങ്ങളെല്ലാം ജനുവരി മുതല്‍ ഇലക്ട്രിക് വാഹനങ്ങളാകും

  • ഇവി വാങ്ങുന്നതില്‍ ഗോവ നാലാംസ്ഥാനത്ത്
  • ജനുവരി മുതല്‍ സര്‍ക്കാര്‍ വാങ്ങുന്ന പുതിയ വാഹനങ്ങളും ഇവികളായിരിക്കും
  • ഗോവയിയിലെ കാര്‍ബണ്‍ പുറംതള്ളലിന്റെ 40 ശതമാനവും വാഹനങ്ങളുടെ പ്രവര്‍ത്തനം മൂലം

Update: 2023-07-19 09:23 GMT

ഗോവയില്‍ വാടകയ്ക്ക് നല്‍കുന്ന എല്ലാ പുതിയ ടൂറിസ്റ്റ് വാഹനങ്ങളും ക്യാബുകളും മോട്ടോര്‍ ബൈക്കുകളും 2024 ജനുവരി മുതല്‍ ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് (ഇവി) മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. സംസ്ഥാനത്ത് ഇവികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോവ സര്‍ക്കാര്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പനാജിയില്‍ ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴിലുള്ള നാലാമത് എനര്‍ജി ട്രാന്‍സിഷന്‍സ് വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ നിതി ആയോഗ് സംഘടിപ്പിച്ച ഒരു സൈഡ് ഇവന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവന്റില്‍ ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്തും പങ്കെടുത്തു.

എല്ലാ സംസ്ഥാനങ്ങളിലും വാങ്ങുന്ന ഇവികളുടെ ശതമാനം പരിശോധിക്കുമ്പോള്‍ ഗോവ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ്, സാവന്ത് പറഞ്ഞു.വാടകയ്ക്ക് നല്‍കുന്ന എല്ലാ പുതിയ ടൂറിസ്റ്റ് വാഹനങ്ങളും ക്യാബുകളും മോട്ടോര്‍ ബൈക്കുകളും അടുത്ത വര്‍ഷം ജനുവരി മുതല്‍ നിര്‍ബന്ധമായും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ജനുവരി മുതല്‍ സര്‍ക്കാര്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ നിര്‍ബന്ധമായും ഇവികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നിലധികം ടൂറിസ്റ്റ് ടാക്സികള്‍, റെന്റ്-എ-ബൈക്ക്, റെന്റ്-എ-ക്യാബ് (സര്‍വീസ്) ഓപ്പറേറ്റര്‍മാര്‍ എന്നിവയുള്ള പെര്‍മിറ്റ് ഉടമകള്‍ക്ക് 2024 ജൂണോടെ 30 ശതമാനം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റേണ്ടതും നിര്‍ബന്ധമാണ്.

ഗോവയിലെ പ്രതിശീര്‍ഷ വാഹന ഉടമസ്ഥത ദേശീയ ശരാശരിയുടെ 4.5 ഇരട്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.വാഹന സാന്ദ്രതയുടെ കാര്യത്തില്‍ ലോകത്ത് 15-ാം സ്ഥാനത്താണ് ഗോവ.

ആഗോള ടൂറിസം ഹോട്ട്സ്പോട്ടായതിനാല്‍ സംസ്ഥാനത്ത് 85ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ പ്രതിവര്‍ഷം സന്ദര്‍ശനത്തിന് എത്താറുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ 15ലക്ഷം മാത്രമാണ്. ധാരാളം ടാക്‌സികള്‍, റെന്റ് എ വെഹിക്കിള്‍, ബസുകള്‍ എന്നിവ കാരണം സംസ്ഥാനത്ത് കാര്‍ബണ്‍ പുറംതള്ളല്‍ വലിയതോതിലാണ്.

അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ഗോവയിയിലെ കാര്‍ബണ്‍ പുറംതള്ളലിന്റെ 40 ശതമാനവും വാഹനങ്ങളുടെ പ്രവര്‍ത്തനം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.ഗോവ സര്‍ക്കാര്‍ 1,679 ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 122 മില്യണ്‍ രൂപ (12.2 കോടി രൂപ) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും സാവന്ത് പറഞ്ഞു. ഈ സ്‌കീം അവതരിപ്പിച്ചതിന് ശേഷം, 2022-23 ല്‍ വാഹനങ്ങളുടെ വില്‍പ്പന ശതമാനം 0.2 ശതമാനത്തില്‍ നിന്ന് 9.4 ശതമാനമായി വര്‍ധിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News