ഇലക്ട്രിക് വാഹന രംഗത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ തമിഴകം

  • അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് ബില്യണ്‍ ഡോളര്‍ ലക്ഷ്യം
  • ഒന്നരലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും
  • ആറ് നഗരങ്ങള്‍ ഇവി ഹബ്ബാക്കി മാറ്റും

Update: 2023-06-17 05:45 GMT

ഇലക്ട്രിക് വാഹന (ഇവി) നിര്‍മ്മാണ രംഗത്ത് വന്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമവുമായി തമിഴ്‌നാട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടാനാണ് അയല്‍ സംസ്ഥാനം പരിശ്രമിക്കുന്നത്. ഇതുവഴി ഒന്നരലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

സംസ്ഥാന വ്യവസായ മന്ത്രി മന്ത്രി ടിആര്‍ബി രാജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് നിക്ഷേപകരുമായും ഇവി വ്യവസായത്തിലെ മറ്റ് പങ്കാളികളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ച 'തമിഴ്നാട് ഇലക്ട്രിക് വെഹിക്കിള്‍സ് പോളിസി 2023' ആരംഭിച്ചതായും രാജ കൂട്ടിച്ചേര്‍ത്തു. ഈ നയം സംസ്ഥാനത്തെ ഇവി ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുരൈ, സേലം, തിരുനെല്‍വേലി എന്നീ ആറ് നഗരങ്ങള്‍ ഇവി ഹബ്ബുകളായി വികസിപ്പിക്കാനാണ് പദ്ധതി. അതുവഴി ലോകത്തിന്റെതന്നെ ഇവി ഹബ്ബാകാനാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.

ടിവിഎസ് മോട്ടോഴ്സ്, ഹ്യുണ്ടായ്, റെനോ, ഒല ഇലക്ട്രിക് തുടങ്ങിയ 20-ലധികം പ്രമുഖ ആഗോള ഇലക്ട്രിക് വാഹനങ്ങള്‍, (ഇവി) ഇവി ഘടക നിര്‍മ്മാതാക്കള്‍ എന്നിവയുടെ മുതിര്‍ന്ന നേതാക്കളും സിഇഒമാരുമാരുമായി മന്ത്രി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനവുമായി അദ്ദേഹം എത്തിയത്.

ഇവി വിഭാഗത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ തമിഴ്‌നാട് വളരെ മുന്നിലാണ്. ഇതുവരെ ഏകദേശം 43000 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിയതായി കണക്കുകകള്‍ സൂചിപ്പിക്കുന്നു.

ഇതിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സൗകര്യം വര്‍ധിപ്പിക്കുകയാണ്. ഈ മേഖലയുടെ കൂടുതല്‍ വികസനവും ലക്ഷ്യമിടുന്നു. ഇലക്ട്രിക് ത്രീ-വീലറുകള്‍ക്കുള്ള പെര്‍മിറ്റ്, നിര്‍മ്മാണ ഇക്കോസിസ്റ്റം, സാങ്കേതിക നൈപുണ്യത്തിനുള്ള പൊതു-സ്വകാര്യ പങ്കാളിത്തം, വ്യവസായവും സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായും രാജ പറഞ്ഞു.

ഒമേഗ സെയ്കി തങ്ങളുടെ ഇലക്ട്രിക് ത്രീ വീലര്‍ ഫാക്ടറി സ്ഥാപിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.

ഇവി നിര്‍മ്മാണ മേഖലയില്‍ ഒല ഇലക്ട്രിക്, ആതര്‍ ഏനര്‍ജി, ആംപിയര്‍ ഇലക്ട്രിക് തുടങ്ങിയ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ തമിഴ്നാട്ടില്‍ വലിയ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ടിവിഎസ് മോട്ടോര്‍ കമ്പനി ഹൊസൂര്‍ ഫാക്ടറിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവി നിക്ഷേപത്തില്‍ ഇന്ന് മഹാരാഷ്ട്രയും മുന്നേറുകയാണ്.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) പങ്കാളിത്തത്തോടെയാണ് വാഹന നിര്‍മ്മാതാക്കളുടെയും സംസ്ഥാന സര്‍ക്കാരിന്റയും ചര്‍ച്ച നടന്നത്.

'ഹ്യൂണ്ടായ് ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒന്നാണ്. കൂടാതെ രാജ്യത്തെ ഒരു ഇവി ഹബ്ബായി മാറാനുള്ള തമിഴ്നാടിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള പ്രതിജ്ഞാബദ്ധമായ പങ്കാളിയായിരിക്കും,' ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ചീഫ് മാനുഫാക്ചറിംഗ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍ സിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

ചര്‍ച്ചകളില്‍ തമിഴ്നാടിനെ ഇവി നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലെത്തിക്കാനുള്ള തന്ത്രങ്ങളും ഉള്‍പ്പെട്ടിരുന്നു.

Tags:    

Similar News