ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ തീയതികള്‍ പ്രഖ്യാപിച്ചു

  • അടുത്ത വര്‍ഷം ജനുവരി 17 മുതല്‍ 22വരെയാണ് എക്‌സ്‌പോ നടക്കുക
  • ഭാരതമണ്ഡപം, യശോഭൂമി, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലാണ് എക്‌സ്‌പോ
  • പരിപാടിയില്‍ 50-ല്‍ അധികം രാജ്യങ്ങള്‍ പങ്കെടുക്കും

Update: 2024-11-07 03:28 GMT

അടുത്ത വര്‍ഷം ജനുവരി 17 മുതല്‍ 22വരെ ഭാരത് മൊബിലിറ്റിയുടെ കീഴില്‍ ഇന്ത്യയുടെ മുന്‍നിര ഓട്ടോ എക്സ്പോ നടക്കും. മൊബിലിറ്റിയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാര ഷോകളും ഒരു പ്ലാറ്റ്ഫോമിന് കീഴില്‍ കൊണ്ടുവരുന്ന സര്‍ക്കാരിന്റെ സംരംഭമാണ് ഭാരത് മൊബിലിറ്റി.

ആറ് ദിവസത്തെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ ഭാരതമണ്ഡപം, യശോഭൂമി (ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്റര്‍) ദ്വാരക, ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റര്‍ & മാര്‍ട്ട് എന്നിവിടങ്ങളില്‍ ഒരേസമയമാണ് നടക്കുക. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ ഒരു വാര്‍ഷിക പരിപാടിയാണ്. അതേസമയം ഓട്ടോ എക്സ്പോ ദ്വിവത്സര പരിപാടിയാണ്.

എക്സ്പോയില്‍ 50-ലധികം രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോ എക്സ്പോ മോട്ടോര്‍ ഷോ 2025-ല്‍ ഏകദേശം 35 വാഹന നിര്‍മ്മാതാക്കള്‍ പങ്കെടുക്കും. ഓട്ടോ, ഓട്ടോ ഘടകങ്ങള്‍, ടയറുകള്‍, ഇ-മൊബിലിറ്റി, സോഫ്റ്റ്വെയര്‍, സ്റ്റീല്‍, ബാറ്ററികള്‍ എന്നിവ പ്രതിനിധീകരിക്കുന്ന മേഖലകളില്‍ ഉള്‍പ്പെടുന്നു.

ഈ വിഭാഗത്തിലെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എക്സ്പോയായിരിക്കും ഇതെന്നും വ്യവസായം ഇതിനെ ഉന്നത സ്ഥാനത്തേക്ക് കൊണ്ടുപോകണമെന്നും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലെ മ്യൂണിക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ ഷോ നടക്കുന്നത്. തുടങ്ങിയ എക്‌സ്‌പോയില്‍ ഇതുവരെ പ്രതിനിധീകരിക്കാത്ത മേഖലകളെ ഉള്‍പ്പെടുത്തണമെന്ന് ഗോയല്‍ വ്യവസായത്തോട് അഭ്യര്‍ത്ഥിച്ചു.

'ഒരുപാട് സാധ്യതകള്‍ അവര്‍ക്കുണ്ട്. പല കമ്പനികളും ഇതുവരെ ഇതിന്റെ ഭാഗമായിട്ടില്ല,' വിദേശ കമ്പനികളുടെ പങ്കാളിത്തം എക്‌സ്‌പോയില്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.മൂന്നിടങ്ങളിലായി എക്സ്പോ സംഘടിപ്പിക്കുമ്പോഴും കൂടുതല്‍ സ്ഥലത്തിനായി ആവശ്യക്കാരുണ്ട്.

വ്യവസായത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭാരതമണ്ഡപവും യശോഭൂമിയും ഇപ്പോള്‍ രണ്ടാം ഘട്ട വിപുലീകരണത്തിന് പദ്ധതിയിടുന്നു. മൂന്ന് ദിവസത്തെ പ്രദര്‍ശനം ഇപ്പോള്‍ ആറ് ദിവസത്തേക്ക് നടക്കും,' മന്ത്രി പറഞ്ഞു. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യ വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഓട്ടോ കമ്പനി ഇപ്പോള്‍ 800 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ 60,000 കോടി രൂപയുടെ വിറ്റുവരവുണ്ടെന്നും കമ്പനിയുടെ പേര് പരാമര്‍ശിക്കാതെ മന്ത്രി പറഞ്ഞു.

ഭാരത് മൊബിലിറ്റി, ഇന്ത്യന്‍ വ്യവസായ കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News