ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍, ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു

Update: 2024-11-27 11:11 GMT

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ്‌ സ്കൂട്ടർ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറുകളായ ആക്‌ടീവ ഇ (Activa e), ക്യുസിവൺ (QC1) എന്നിവ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ മാത്രമാണ് അവതിപ്പിക്കുന്നതെന്ന് ഹോണ്ട അറിയിച്ചു.

2030ഓടെ ആഗോളതലത്തില്‍ 30 ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025 ഫെബ്രുവരിയോടെ ന്യൂഡല്‍ഹി,ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് 'ആക്ടീവ ഇ' ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ജനുവരിയില്‍ ബുക്കിങ് തുടങ്ങും. മൂന്ന് നഗരങ്ങളില്‍ ബാറ്ററി സ്വാപ്പ് ചെയ്യാനുള്ള സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ചാര്‍ജ് കഴിഞ്ഞ ബാറ്ററി ഊരിമാറ്റി മറ്റൊന്ന് ഘടിപ്പിക്കാന്‍ സാധിക്കും.

ആക്ടീവ ഇ

പെട്രോള്‍ പതിപ്പിന്റെ ബോഡിയും ഫ്രെയിമും അടിസ്ഥാനപ്പെടുത്തിയാണ് 'ആക്ടീവ ഇ' ഒരുക്കിയിട്ടുള്ളത്. സ്റ്റാന്‍ഡേര്‍ഡ്, സിങ്ക് ഡ്യുവോ എന്നീ രണ്ട് വേരിയന്റുകളില്‍ ഈ മോഡല്‍ ലഭ്യമാകും. 110 സിസി പെട്രോള്‍ വാഹനത്തിനോട് തുല്യമായ സ്‌കൂട്ടറാണിത്. ഊരിമാറ്റാവുന്ന രണ്ട് ബാറ്ററികളാണ് ഇതിലുണ്ടാവുക. ഒറ്റ ചാര്‍ജില്‍ 102 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി പറയുന്നത്. സ്റ്റാൻഡേർഡ്, സ്‌പോർട്ട്, ഇക്കോ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട ക്യുസി1

80 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനമാണ് ക്യുസി1. ഇന്ത്യന്‍ മാര്‍ക്കറ്റിന് മാത്രമായി ഹോണ്ട പുറത്തിറക്കുന്ന വാഹനമാണിത്. 1.5 കിലോവാട്ടിന്റെ ഫിക്‌സഡ് ബാറ്ററി പാക്കാണ് 'ക്യുസി1'ല്‍ ഉള്ളത്. 5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, സീറ്റിനടിയിലെ സ്റ്റോറേജ്, യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് തുടങ്ങി ഫീച്ചറുകളും ഉണ്ട്. 80000 രൂപയിലാണ്‌ എക്‌സ്‌ ഷോറൂം വില ആരംഭിക്കുന്നത്‌. ടോപ്പ്‌ മോഡലിന്‌ 1.20 ലക്ഷം ആകും. ബുക്കിങ്‌ ജനുവരിയിൽ ആരംഭിക്കുമെന്നാണ്‌ വിവരം. 

Tags:    

Similar News