ഡെല്‍ഹിയില്‍ തക്കാളിവില 90ലേക്ക്

  • കനത്ത മഴയെത്തുടര്‍ന്ന് വിതരണം തടസപ്പെട്ടതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം
  • മൊത്തക്കച്ചവട വിപണികളില്‍ കിലോയ്ക്ക് 50 രൂപ വരെ വില ഉയര്‍ന്നു
  • ചിലസംസ്ഥാനങ്ങളിലെ കൊടും ചൂടും കീടബാധയും തക്കാളി, ഉള്ളി വിളകളെ ബാധിച്ചു

Update: 2024-07-10 07:20 GMT

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ തലസ്ഥാനത്ത് തക്കാളി വില കുതിച്ചുയര്‍ന്നു. ഡെല്‍ഹി വിപണിയില്‍ തക്കാളി വില കിലോയ്ക്ക് 90 രൂപയായി. പല സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണിത്. ഡെല്‍ഹിയിലെ ആസാദ്പൂര്‍ മണ്ഡി, ഗാസിപൂര്‍ മണ്ഡി, ഓഖ്ല സബ്സി മണ്ടി എന്നിവയുള്‍പ്പെടെയുള്ള പ്രധാന മൊത്ത പച്ചക്കറി മാര്‍ക്കറ്റുകളില്‍ തക്കാളിയുടെ വില ഉയര്‍ന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 28 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും പ്രാദേശിക വിപണികളിലും 90 രൂപയ്ക്ക് വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. മൊത്തക്കച്ചവട വിപണികളില്‍ കിലോയ്ക്ക് 50 രൂപ വരെ വില ഉയര്‍ന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തക്കാളിയുടെ ലഭ്യത കുറഞ്ഞു. കനത്ത മഴ ഗതാഗതത്തെ ബാധിച്ചതിനാല്‍ മഹാരാഷ്ട്ര, കര്‍ണാടക, ഹിമാചല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളി കൊണ്ടുവരുന്ന ട്രക്കുകളുടെ എണ്ണം കുറഞ്ഞു.

തക്കാളിയുടെ വില കിലോഗ്രാമിന് 30-35 രൂപയായിരുന്നെങ്കിലും ഇപ്പോള്‍ 60-70 രൂപയായി ഉയര്‍ന്നതായി ഗാസിപൂര്‍ മണ്ടിയിലെ ഒരു കച്ചവടക്കാരന്‍ പറഞ്ഞു. മഴയെത്തുടര്‍ന്നുണ്ടായ കൃഷിനാശം കാരണം തക്കാളിയുടെ വില ഉയര്‍ന്നതായി ഓഖ്ല മണ്ഡിയിലെ ഒരു കച്ചവടക്കാരന്‍ പറഞ്ഞു. മാത്രമല്ല, തക്കാളിക്ക് ഒരു നീണ്ട ഷെല്‍ഫ് ലൈഫ് ഇല്ല, അത് വളരെ വേഗം ചീഞ്ഞഴുകിപ്പോകും. അതിനാല്‍, മഴ വിതരണത്തെ ബാധിച്ചു.

അതേസമയം, ക്രിസിലിന്റെ പ്രതിമാസ ഭക്ഷ്യവില റിപ്പോര്‍ട്ട് അനുസരിച്ച്, തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ വര്‍ധനയുണ്ടായതിനാല്‍, വീട്ടില്‍ പാകം ചെയ്യുന്ന സസ്യാഹാര താലിയുടെ വില പത്ത് ശതമാനം കണ്ട് വര്‍ധിച്ചു.

റാബി കൃഷിയിടത്തിലെ ഗണ്യമായ ഇടിവ്, മാര്‍ച്ചിലെ കാലവര്‍ഷക്കെടുതി കാരണം ഉരുളക്കിഴങ്ങിന്റെ വിളവ് കുറഞ്ഞു. കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും പ്രദേശങ്ങളിലെ ഉയര്‍ന്ന താപനിലയും വേനല്‍ക്കാല വിളകളിലെ വൈറസ് ബാധയും കാരണം തക്കാളിയുടേയും ഉള്ളിയുടേയും വരവും കുറഞ്ഞു.

Tags:    

Similar News