തക്കാളിവില കുറയുമെന്ന് സര്‍ക്കാര്‍
- തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വില ഉടന്‍ സ്ഥിരത കൈവരിക്കുമെന്ന് സര്‍ക്കാര്‍
- കടുത്ത ചൂടും അധിക മഴയും മൂലം വിതരണം തടസ്സപ്പെട്ടത് വിലക്കയറ്റത്തിന് കാരണമായി
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഭ്യത മെച്ചപ്പെടുന്നതിനാല്‍ ദേശീയ തലസ്ഥാനത്ത് ഉയര്‍ന്ന ചില്ലറ തക്കാളി വില വരും ആഴ്ചകളില്‍ കുറയുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. വിതരണ തടസ്സം മൂലം ഉയര്‍ന്ന ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും വില ഉടന്‍ സ്ഥിരത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഡല്‍ഹിയിലും മറ്റ് ചില നഗരങ്ങളിലും തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വില ഉയര്‍ന്ന് നില്‍ക്കുകയാണ്. കടുത്ത ചൂടും അധിക മഴയും മൂലം വിതരണം തടസ്സപ്പെട്ടു. ഇത് ഉപഭോഗ മേഖലകളില്‍ വില കുതിച്ചുയരാന്‍ കാരണമായി,' ഉപഭോക്തൃ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ജൂലൈ 12 ന് ഡല്‍ഹിയിലെ ചില്ലറ തക്കാളി വില കിലോഗ്രാമിന് 75രൂപയും അതിന് മുകളിലുമാണ്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ തക്കാളിക്ക് കിലോയ്ക്ക് 150 രൂപയായിരുന്നു. മുംബൈയില്‍ കിലോഗ്രാമിന് 83 രൂപയായിരുന്നു വില, കൊല്‍ക്കത്ത റിപ്പോര്‍ട്ട് ചെയ്തത് 80 രൂപയാണ്.
നിലവില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നുമാണ് ഡല്‍ഹിയിലേക്ക് തക്കാളി വിതരണം ചെയ്യുന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈബ്രിഡ് തക്കാളി രാജ്യതലസ്ഥാനത്ത് എത്തുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.
സബ്സിഡിയുള്ള തക്കാളി വില്‍പ്പന പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 110 രൂപ കടന്നപ്പോള്‍ നടപ്പാക്കിയ നടപടിയാണിത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം കുറവാണെങ്കിലും ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ പര്യാപ്തമായ 283 ലക്ഷം ടണ്‍ ഉരുളക്കിഴങ്ങാണ് ഇന്ത്യയില്‍ സംഭരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ മൊത്തക്കച്ചവട വിപണികളില്‍ നേരിയ കുറവ് അനുഭവപ്പെട്ട സവാളയുടെ വില സെപ്റ്റംബറില്‍ പുതിയ വിളവെടുക്കുന്നതോടെ ഇനിയും കുറയുമെന്നാണ് കരുതുന്നത്.
കനത്ത മഴ, പ്രധാന ഉപഭോഗ മേഖലകളില്‍ തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി, പച്ച പച്ചക്കറി എന്നിവയുടെ വിതരണം തടസ്സപ്പെടുത്തി. ഇത് മെട്രോകളിലുടനീളം വിലക്കയറ്റത്തിന് കാരണമായി.