നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ പയര്‍വര്‍ഗ കൃഷിയുമായി സര്‍ക്കാര്‍
- സംരംഭം വിജയിച്ചാല്‍ പദ്ധതി രാജ്യവ്യാപകമായി മാറ്റും
- ഇത് ഇന്ത്യയുടെ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കാന്‍ സാധ്യതയുണ്ട്
- ഖാരിഫ് സീസണില്‍ ഹൈബ്രിഡ് വിത്തുകളാണ് വിതരണം ചെയ്തത്
ദേശീയ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ജാര്‍ഖണ്ഡിലെയും ഛത്തീസ്ഗഡിലെയും നക്സല്‍ ബാധിത ജില്ലകളിലും ആദിവാസി മേഖലകളിലും പയറുവര്‍ഗ്ഗ കൃഷി, സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രത്യേകിച്ചും തുവര പരിപ്പ്, ഉഴുന്ന് എന്നിവയാണ് ഈ മേഖലകളില്‍ കൃഷിചെയ്യുക.
പാരമ്പര്യേതര പയറുവര്‍ഗ്ഗങ്ങള്‍ വളരുന്ന പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സംരംഭം വിജയിച്ചാല്‍ രാജ്യവ്യാപകമായി മാറ്റാന്‍ കഴിയുന്ന ഒരു പരീക്ഷണ പദ്ധതിയാണ്. ഇത് ഇന്ത്യയുടെ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കാന്‍ സാധ്യതയുണ്ട്.
പദ്ധതിയുടെ പൈലറ്റിംഗ് ചുമതലയുള്ള നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍സിസിഎഫ്), ജാര്‍ഖണ്ഡിലെ നാല് ജില്ലകളും ഛത്തീസ്ഗഡിലെ അഞ്ച് ജില്ലകളും നടപ്പിലാക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്.
ജാര്‍ഖണ്ഡിലെയും ഛത്തീസ്ഗഡിലെയും തിരഞ്ഞെടുത്ത നക്സല്‍ ബാധിത പ്രദേശങ്ങളിലും സ്ത്രീ കര്‍ഷകര്‍ ഉള്‍പ്പെടുന്ന ആദിവാസി മേഖലകളിലും ഈ ഖാരിഫ് സീസണില്‍ പയറുവര്‍ഗ്ഗ കൃഷി പ്രോത്സാഹിപ്പിക്കുകയാണെന്ന് എന്‍സിസിഎഫ് മാനേജിംഗ് ഡയറക്ടര്‍ അനീസ് ജോസഫ് ചന്ദ്ര പറഞ്ഞു.
ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ്, ജഷ്പൂര്‍, ബസ്തര്‍, മൊഹ്ല മാന്‍പൂര്‍ എന്നിവയും ജാര്‍ഖണ്ഡിലെ പലാമു, കതിഹാര്‍, ദുംക, ഗര്‍വ എന്നിവയുമാണ് ലക്ഷ്യമിടുന്ന ജില്ലകള്‍.
ഈ ഖാരിഫ് സീസണില്‍ ഹൈബ്രിഡ് വിത്തുകളാണ് വിതരണം ചെയ്തത്. കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ സഹകരണസംഘത്തിന് വില്‍ക്കുന്നതിന് എന്‍സിസിഎഫിന്റെ ഇ-സംയുക്തി പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കര്‍ഷകര്‍ക്ക് ഓഫ്ലൈന്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.
എന്‍സിസിഎഫ് വിളവെടുത്ത പയര്‍വര്‍ഗ്ഗങ്ങള്‍ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) സംഭരിക്കും, എന്നാല്‍ വിപണി വില എംഎസ്പിയേക്കാള്‍ കൂടുതലാണെങ്കില്‍ കര്‍ഷകര്‍ക്ക് സ്വകാര്യ വ്യാപാരികള്‍ക്ക് വില്‍ക്കാം.
സര്‍ക്കാര്‍ ബഫര്‍ സ്റ്റോക്കുകള്‍ക്കായി പയറുവര്‍ഗ്ഗങ്ങള്‍ സംഭരിക്കുന്ന എന്‍സിസിഎഫ്, ഈ സംരംഭത്തിലൂടെ അതിന്റെ ടാര്‍ഗെറ്റ് അളവിന്റെ പകുതി സംഭരിക്കാന്‍ ലക്ഷ്യമിടുന്നു.