കാര്‍ഷിക പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
- രാസവളങ്ങളുടെ ഉപയോഗം മൂലം മണ്ണിന്റെ ആരോഗ്യം മോശമാകുന്നു
- ലോകത്തിന്റെ ജൈവ ഭക്ഷണ ബാസ്‌കറ്റായി മാറാന്‍ ഇന്ത്യക്ക് കഴിയും
കാര്‍ഷിക മേഖലയില്‍ പരിവര്‍ത്തനം അനിവാര്യമെന്ന് പ്രധാനമന്ത്രി. കര്‍ഷകരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ ശ്രമങ്ങള്‍ നടത്തുകയാണ്.
78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ, രാസവളങ്ങളുടെ ഉപയോഗം മൂലം മണ്ണിന്റെ ആരോഗ്യം മോശമാകുന്നതിനെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അത്തരം കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റ് വിഹിതവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ലോകത്തിന്റെ ജൈവ ഭക്ഷണ കൊട്ടയായി മാറാന്‍ ഇന്ത്യക്ക് കഴിയും.
'നമ്മുടെ കാര്‍ഷിക സമ്പ്രദായത്തില്‍ മാറ്റം വരുത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് ആധുനിക രീതികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ട്. ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള എളുപ്പത്തിലുള്ള വായ്പ അത്തരത്തിലുള്ള ഒരു നടപടിയായി അദ്ദേഹം എടുത്തുകാട്ടി.