മണ്‍സൂണ്‍ നീണ്ടുനില്‍ക്കും; വിളവെടുപ്പ് ഭീഷണിയില്‍

  • സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കൂടുതല്‍
  • സെപ്റ്റംബര്‍ പകുതി മുതല്‍ വിളവെടുക്കുന്ന ഇനങ്ങള്‍ പ്രതിസന്ധിയിലാകും
  • വിളനാശമുണ്ടായാല്‍ അത് ഭക്ഷ്യ വിലക്കയറ്റത്തിന് ഇടയാക്കും

Update: 2024-08-30 05:07 GMT

രാജ്യത്തെ മണ്‍സൂണ്‍ മഴ സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍. ഇത് വിളവെടുപ്പിനെ സാരമായി ബാധിക്കും. സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് മണ്‍സൂണ്‍ പിന്‍വലിയുന്നത് വൈകുന്നതിന് കാരണമാകും എന്നാണ് കണക്കുകൂട്ടല്‍.

സാധാരണയില്‍ കവിഞ്ഞ മഴ, ഇന്ത്യയില്‍ വേനല്‍ക്കാലത്ത് വിതച്ച നെല്ല്, പരുത്തി, സോയാബീന്‍, ചോളം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയെ നശിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. കാരണം അവ സാധാരണയായി സെപ്റ്റംബര്‍ പകുതി മുതലാണ് വിളവെടുക്കുന്നത്.

വിളനാശമുണ്ടായാല്‍ അത് ഭക്ഷ്യ വിലക്കയറ്റത്തിന് ഇടയാക്കും. എന്നാല്‍ മഴയുടെ ഫലമായി ഉയര്‍ന്ന മണ്ണിലെ ഈര്‍പ്പം ശൈത്യകാലത്ത് വിതയ്ക്കുന്ന ഗോതമ്പ്, റാപ്‌സീഡ്, ചെറുപയര്‍ എന്നിവയ്ക്ക് ഗുണം ചെയ്യും.

ഗോതമ്പ്, പഞ്ചസാര, അരി എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദക രാജ്യമായ ഇന്ത്യ, ഈ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിതമായ മഴ മൂലമുള്ള എന്തെങ്കിലും നഷ്ടം ആ നിയന്ത്രണങ്ങള്‍ നീട്ടാന്‍ രാജ്യത്തെ പ്രേരിപ്പിച്ചേക്കാം.

മണ്‍സൂണ്‍ സാധാരണയായി ജൂണില്‍ ആരംഭിക്കുകയും സെപ്റ്റംബര്‍ 17-ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങുകയും ഒക്ടോബര്‍ പകുതിയോടെ രാജ്യത്തുടനീളം അവസാനിക്കുകയും ചെയ്യും.

ഏകദേശം 3.5-ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ ജീവവായുവാണ് മണ്‍സൂണ്‍. മഴയുടെ 70 ശതമാനവും ഫാമുകള്‍ നനയ്ക്കാനും ജലസംഭരണികള്‍ നിറയ്ക്കാനും സഹായകമാകുന്നു.

രാജ്യത്തെ പകുതിയോളം കൃഷിയിടങ്ങളും സാധാരണയായി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പെയ്യുന്ന മഴയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ മണ്‍സൂണ്‍ മഴയെ ലാ നിന സ്വാധീനിച്ചേക്കാം, അത് അടുത്ത മാസം മുതല്‍ വികസിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യയില്‍ ശരാശരിയേക്കാള്‍ 7 ശതമാനം കൂടുതല്‍ മഴ ലഭിച്ചു. എന്നിരുന്നാലും, ചില സംസ്ഥാനങ്ങളില്‍ ശരാശരിയേക്കാള്‍ 66 ശതമാനം കൂടുതല്‍ മഴ ലഭിച്ചത് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു. സെപ്റ്റംബര്‍ മാസത്തിലെ മൂന്നാമത്തെയും നാലാമത്തെയും ആഴ്ചകളിലും ഒക്ടോബര്‍ തുടക്കത്തിലും കനത്ത മഴ പെയ്താല്‍ അത് വിളവെടുപ്പിനെ ബാധിക്കും.

Tags:    

Similar News