വെജിറ്റബിള്‍ ഓയില്‍ ഇറക്കുമതി നികുതി ഉയര്‍ത്തിയേക്കും

  • 2022-ലാണ് ഇന്ത്യ വില കുറയ്ക്കുന്നതിനായി ക്രൂഡ് വെജിറ്റബിള്‍ ഓയിലുകളുടെ അടിസ്ഥാന ഇറക്കുമതി നികുതി നിര്‍ത്തലാക്കിയത്
  • നികുതി വര്‍ധിപ്പിക്കുന്നത് എണ്ണക്കരു വിലയിലെ ഇടിവ് തടയുമെന്ന് കര്‍ഷകര്‍
  • രാജ്യത്ത് സോയാബീന്‍ വില നിശ്ചയിക്കപ്പെട്ട താങ്ങുവിലയേക്കാള്‍ താഴെയാണ്

Update: 2024-08-29 03:12 GMT

സസ്യ എണ്ണകളുടെ ഇറക്കുമതി നികുതി സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. എണ്ണക്കുരുക്കളുടെ കുറഞ്ഞ വില കാരണം വലയുന്ന കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. നികുതി ഉയര്‍ത്തുന്ന പ്രഖ്യാപനം വരും ആഴ്ചകളില്‍ ഉണ്ടായേക്കും. ഇത് പാമോയില്‍, സോയോയില്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ വിദേശ വാങ്ങലുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

'കര്‍ഷകരെ സഹായിക്കുന്നതിനുള്ള എല്ലാ ഓപ്ഷനുകളും സര്‍ക്കാര്‍പര്യവേക്ഷണം ചെയ്യുകയാണ്. ഇറക്കുമതി നികുതി വര്‍ധിപ്പിക്കുന്നത് ഒരു ഓപ്ഷനാണ്', സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കാര്‍ഷിക മന്ത്രാലയം ഒരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് അന്തിമ തീരുമാനമെടുക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

2022-ല്‍, ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, വില കുറയ്ക്കുന്നതിനായി ക്രൂഡ് വെജിറ്റബിള്‍ ഓയിലുകളുടെ അടിസ്ഥാന ഇറക്കുമതി നികുതി നിര്‍ത്തലാക്കിയിരുന്നു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് സെസ് എന്നറിയപ്പെടുന്ന 5.5 ശതമാനം നികുതിയാണ് രാജ്യം ഇപ്പോള്‍ ഈടാക്കുന്നത്.

ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നത് എണ്ണക്കുരു വിലയിലെ ഇടിവ് തടയാന്‍ സഹായിക്കുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

ആഭ്യന്തര സോയാബീന്‍ വില 100 കിലോഗ്രാമിന് ഏകദേശം 4,200 രൂപയാണ്. ഇത് നിശ്ചയിച്ച താങ്ങുവിലയായ 4,892 രൂപയേക്കാള്‍ കുറവാണ്. സോയാബീന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വിലത്തകര്‍ച്ചയില്‍ അതൃപ്തരാണ്. ഇപ്പോഴത്തെ വിലയില്‍, ലാഭം നേടുക എന്നതിലുപരി ഉല്‍പാദനച്ചെലവ് പോലും എത്തുന്നില്ല എന്നതാണ് കര്‍ഷകരുടെ പരാതി.

മഹാരാഷ്ട്രയില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകരെ ആകര്‍ഷിക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ഇറക്കുമതി നികുതി വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും എന്നാണ് വിലയിരുത്തല്‍.

അതേസമയം പുതിയ സോയാബീന്‍ വിള ആറാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നും ഇത് വിലയില്‍ കൂടുതല്‍ ഇടിവിന് കാരണമാകുമെന്നും സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.വി.മേത്ത പറഞ്ഞു.

ജൂലൈയില്‍, ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതി 22.2 ശതമാനം ഉയര്‍ന്ന് 1.9 ദശലക്ഷം മെട്രിക് ടണ്ണിലെത്തി, റെക്കോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഇറക്കുമതിയാണിത്.

ഇന്ത്യ അതിന്റെ സസ്യ എണ്ണയുടെ 70 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇത് പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് പാം ഓയില്‍ വാങ്ങുന്നു. അതേസമയം അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.

Tags:    

Similar News