വില പിടിച്ച് നിര്‍ത്തണം, 7 ഉത്പന്നങ്ങളുടെ ഓപ്ഷന്‍ ട്രേഡിംഗ് വിലക്ക്കാലാവധി നീട്ടി

Update: 2022-12-21 10:46 GMT


ഏഴു കാര്‍ഷിക ഉത്പന്നങ്ങളുടെ ഫ്യുച്ചര്‍ ആന്‍ഡ് ഓപ്ഷന്‍ ട്രേഡിംഗ് വിലക്കിന്റെ കാലാവധി നീട്ടി. വില പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നടപടി. ഗോതമ്പ്, പരിപ്പ് അടക്കമുള്ള ഏഴു കാര്‍ഷിക ഉത്പന്നങ്ങളുടെ ഫ്യുച്ചര്‍ ആന്‍ഡ് ഓപ്ഷന്‍ ട്രേഡിംഗിനു സെബി താത്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന്റെ കാലാവധി അടുത്ത വര്‍ഷം ഡിസംബര്‍ വരെയാണ് നീട്ടിയത്. നെല്ല്, കടല, പാം ഓയില്‍, കടുക്, സോയാബീന്‍ എന്നിവയാണ് വിലക്കുള്ള മറ്റു കാര്‍ഷിക ഉത്പന്നങ്ങള്‍. ഇവയുടെ പുതിയ ട്രേഡിങില്‍ ഏര്‍പ്പെടാന്‍ അനുവാദമില്ല.

2021 ലാണ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ കാര്‍ഷിക ഉത്പന്നങ്ങളുടെ പുതിയ ഡെറിവേറ്റീവ് കരാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തേക്കാണ് ആണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ മാസം ആദ്യം കമ്മോഡിറ്റി പാര്‍ട്ടിസിപ്പന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിപിഎഐ) ഈ ഏഴു കാര്‍ഷിക ഉത്പന്നങ്ങളുടെയും ഡെറിവേറ്റീവ് വ്യാപാരം പുനരാരംഭിക്കണമെന്ന് സെബിയോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിരുന്നു.

നീണ്ട കാലത്തേക്കുള്ള നിരോധനം കമ്മോഡിറ്റി വിപണിക്ക് ദോഷകരമാണെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ ഉത്പന്നങ്ങളില്‍ ചിലതിന്റെ വില സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന താങ്ങുവിലയ്ക്ക് താഴെയോ അതിനടുത്തോ ആയിരുന്നു. വിപണിയിലെ ചലനങ്ങളാണ് വില നിശ്ചയിക്കുന്നതെന്നും എക്‌സ്‌ചേയ്ഞ്ചുകളിലെ വ്യാപാരം വിലയെ ബാധിക്കില്ലായെന്നും സിപിഎഐ സൂചിപ്പിച്ചിരുന്നു.

Tags:    

Similar News