എന്താണ് പി എം ഐ?

പി എം ഐ സര്‍വേ അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

Update: 2022-01-13 06:08 GMT
trueasdfstory

പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പി എം ഐ) എന്നാണ് ഇതിന്റെ വിശാല രൂപം. നിര്‍മ്മാണ, സേവന മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂചികയാണ്...

 

പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പി എം ഐ) എന്നാണ് ഇതിന്റെ വിശാല രൂപം. നിര്‍മ്മാണ, സേവന മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂചികയാണ് പി എം ഐ. വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, വളര്‍ച്ച, ഇടിവ് എന്നിവ വിശകലനം ചെയ്യുന്നതിന് ഒരു ഡിഫ്യൂഷന്‍ സൂചികയും ഇതില്‍ അടങ്ങിയിരിക്കുന്നു. നയ തീരുമാനങ്ങളെടുക്കുന്നവര്‍ക്കും, വിശകലന വിദഗ്ധര്‍ക്കും, നിക്ഷേപകര്‍ക്കും, നിലവിലുള്ളതും ഭാവിയിലേതുമായ ബിസിനസ്സ് പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് പി എം ഐയുടെ പ്രധാന ലക്ഷ്യം.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സപ്ലൈ മാനേജ്‌മെന്റ് (ഐ എസ് എം) പി എം ഐ സമാഹരിച്ച് പ്രതിമാസം പുറത്തിറക്കുന്നു. 19 പ്രാഥമിക വ്യവസായങ്ങളിലെ 400-ലധികം കമ്പിനികളിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് അയച്ച പ്രതിമാസ സര്‍വേയെ അടിസ്ഥാനമാക്കിയാണിത്. പി എം ഐ സര്‍വേ അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്ററി ലെവലുകള്‍, ഉത്പാദനം, വിതരണക്കാരുടെ ഡെലിവറികള്‍, തൊഴില്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സര്‍വേ ഏരിയകള്‍ ഓരോന്നും തുല്യമായി കണക്കാക്കുന്നു. ബിസിനസ്സ് അവസ്ഥകളെക്കുറിച്ചും, മാറ്റങ്ങളെക്കുറിച്ചും, അത് മെച്ചപ്പെടുകയാണെങ്കിലും, മോശമാവുകയാണെങ്കിലും, സര്‍വേകളില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു

ഐ എസ് എം സര്‍വേകളില്‍ നിന്ന് ഉരുത്തിരിയുന്ന പി എം ഐയും, ഡാറ്റയും മാനേജര്‍മാര്‍ക്ക് നിര്‍ണായകമായ തീരുമാനങ്ങളെടുക്കാനുള്ള ഉപകരണങ്ങളാണ്. ഉദാഹരണത്തിന്, ഒരു ഓട്ടോമൊബൈല്‍ നിര്‍മ്മാതാവ് ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പുതിയ ഓര്‍ഡറുകള്‍ അടിസ്ഥാനമാക്കിയായിരിക്കും ഉല്‍പ്പാദന തീരുമാനങ്ങള്‍ എടുക്കുന്നത്. സര്‍വേയില്‍ നിന്നുള്ള വിവരങ്ങള്‍ വിവിധ വസ്തുക്കളെയും, സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളെയും കുറിച്ചുള്ള മാനേജ്‌മെന്റിന്റെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്നു.

പി എം ഐയെ അടിസ്ഥാനമാക്കി വിതരണക്കാരും തീരുമാനങ്ങള്‍ എടുക്കുന്നു. ഒരു വിതരണക്കാരന്‍ അവന്റെ ഉല്‍പ്പന്നങ്ങളുടെ ഭാവി ഡിമാന്‍ഡിന്റെ അളവ് കണക്കാക്കാന്‍ പി എം ഐ പിന്തുടരുന്നു. ഉപഭോക്താക്കള്‍ക്ക് എത്രമാത്രം സാധനസാമഗ്രികള്‍ കൈയിലുണ്ടെന്ന് അറിയാന്‍ വിതരണക്കാരന് താല്‍പ്പര്യമുണ്ട്. സപ്ലൈയും, ഡിമാന്‍ഡും സംബന്ധിച്ച പി എം ഐ വിവരങ്ങള്‍ വിതരണക്കാര്‍ക്ക് ഈടാക്കാവുന്ന വിലകളെയും നിര്‍ണ്ണയിക്കുന്നു.

നിര്‍മ്മാതാവിന് പുതിയ ഓര്‍ഡറുകള്‍ കൂടുകയാണങ്കില്‍ അത് ഉല്‍പ്പന്നത്തിന്റെ ഉപഭോക്തൃ വില ഉയര്‍ത്തുകയും, വിതരണക്കാരില്‍ നിന്ന് കൂടിയ വിലയ്ക്ക് അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുകയും ചെയ്യും. മറുവശത്ത്, പുതിയ ഓര്‍ഡറുകള്‍ കുറയുമ്പോള്‍ നിര്‍മ്മാതാവ് ഉല്‍പ്പന്നത്തിന്റെ വില കുറയ്ക്കുകയും, വാങ്ങുന്ന ഭാഗങ്ങള്‍ക്ക് കുറഞ്ഞ വില ആവശ്യപ്പെടുകയും ചെയുന്നു. ഇങ്ങനെ ഒരു കമ്പനിക്ക് അതിന്റെ വാര്‍ഷിക ബജറ്റ് ആസൂത്രണം ചെയ്യാനും, സ്റ്റാഫിംഗ് ലെവലുകള്‍ നിയന്ത്രിക്കാനും, പണമൊഴുക്ക് കണക്കാക്കാനും പി എം ഐ ഉപയോഗിക്കാം

സാമ്പത്തിക സാഹചര്യങ്ങളുടെ ഒരു സൂചകമായതിനാല്‍ നിക്ഷേപകര്‍ക്കും അവരുടെ നേട്ടത്തിനായി പി എം ഐ സൂചിക ഉപയോഗിക്കാന്‍ കഴിയും.

 

Tags:    

Similar News