ലീ സിക്കി എന്ന യുട്യൂബ് വിസ്മയം
ലീ സിക്കി പ്രതിമാസം 80,000 ഡോളര്‍ വരുമാനമായി നേടുന്നുണ്ട്
യുട്യൂബിലൂടെ ലക്ഷങ്ങളും കോടികളും വരുമാനം നേടുന്നവരുടെ പട്ടികയിലേക്ക് ഇടം നേടിയ ഒരു പെണ്‍കുട്ടിയാണ് ലീ സിക്കി.
യുട്യൂബിനും, ഫേസ്ബുക്കിനും നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള ചൈനയാണ് ലീ സിക്കിയുടെ സ്വദേശമെന്നതാണ് ഏവരെയും കൂടുതല്‍ ആശ്ചര്യപ്പെടുത്തുന്ന ഘടകം.
33-കാരിയാണ് ലീ സിക്കി. ഫുഡ് വ്‌ളോഗര്‍, പാചകക്കാരി, യുട്യൂബര്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തയാണിവര്‍.
2023-ലെ കണക്ക്പ്രകാരം ലീ സിക്കിയുടെ അറ്റ മൂല്യം 10 ദശലക്ഷം ഡോളറാണ്. ഇവരുടെ കണക്കാക്കപ്പെടുന്ന പ്രതിവര്‍ഷ വരുമാനം 18 ലക്ഷം ഡോളറാണ്.
ചാനലിന്റെ പേര്
Li Ziqi എന്നാണ് ചാനലിന്റെ പേര്. 2017 ഓഗസ്റ്റ് 22 നാണ് യുട്യൂബ് ചാനലിന് ലീ സിക്കി തുടക്കമിട്ടത്. 17.8 ദശലക്ഷം പ്ലസ് വരിക്കാര്‍ ഇപ്പോള്‍ ചാനലിനുണ്ട്.
cnliziqi എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്.
@cnliziqi എന്ന പേരിലാണ് എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട്.
വിഭവങ്ങള്‍
ചൈനയിലെ പരമ്പരാഗത രീതിയിലുള്ള പാചകവും, കരകൗശല വസ്തു നിര്‍മാണവും, കൃഷിയുമൊക്കെയാണു ലീ സിക്കിയുടെ വീഡിയോയിലുള്ള കണ്ടന്റ്.
ഓവനോ, ബീറ്ററോ ഇല്ലാതെ കേക്കും ഐസ്‌ക്രീമും ഉണ്ടാക്കും ലീ സിക്കി. പാചകത്തില്‍ മാത്രമല്ല ഈ മാന്ത്രികത. പൂക്കളുപയോഗിച്ച് ലിപ്സ്റ്റിക്ക് ഉണ്ടാക്കാനും, ഒരു മരപ്പണിക്കാരന്റെ കൃതഹസ്തതയോടെ മുളം കാട്ടില്‍ നിന്നും മുള വെട്ടിയെടുത്ത് കുട്ട നെയ്യാനും ലീ സിക്കിക്ക് ഒരു പ്രത്യേക കഴിവുണ്ട്.
മൈന്‍ഡ് റിഫ്രഷര്‍
പ്രകൃതി സൗന്ദര്യം ആവോളം ആവാഹിച്ചെടുത്ത ദൃശ്യങ്ങളുടെ അകമ്പടിയാണ് ലീ സിക്കിയുടെ ഓരോ വീഡിയോ കണ്ടന്റും. ഒരു മൈന്‍ഡ് റിഫ്രഷര്‍ എന്നു വേണമെങ്കില്‍ വീഡിയോയെ വിശേഷിപ്പിക്കാം. ചൈനീസ് ഭാഷയിലാണ് ലീ സിക്കി വീഡിയോ അവതരിപ്പിക്കുന്നതെങ്കിലും ഭാഷ അറിയാത്തവര്‍ത്ത് പോലും ലീ സിക്കിയുടെ വീഡിയോ ഒരു അലോസരമായി തോന്നില്ല. കാരണം ദൃശ്യങ്ങളാണ് ഇവിടെ സംസാരിക്കുന്നത്.
അല്ലെങ്കിലും പ്രകൃതി സൗന്ദര്യം വിവരിക്കാന്‍ എന്തിനാണ് ഭാഷ.
ആശ്വാസം നല്‍കുന്ന വീഡിയോ
ലീ സിക്കിയുടെ വീഡിയോ ഭൂരിഭാഗവും പ്രകൃതിരമണീയ ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. ചൈനയിലെ ഗ്രാമപ്രദേശങ്ങളും, കാടുകളുമൊക്കെയാണു പശ്ചാത്തലമായി വരുന്നത്. സമ്മര്‍ദ്ദത്തിനടിപ്പെട്ട് കഴിയുന്നൊരു ലോകമാണിന്ന്. ഈ പശ്ചാത്തലത്തില്‍ ലീ സിക്കിയുടെ വീഡിയോ നല്‍കുന്ന ആശ്വാസം ചെറുതല്ലെന്ന് ലക്ഷക്കണക്കിന് പേര്‍ സാക്ഷ്യപ്പെടുത്തുന്നു.
കഷ്ടത നിറഞ്ഞ ബാല്യം
ലീ സിക്കിയും അവരുടെ വ്‌ളോഗും ഇന്ന് അനേകര്‍ക്ക് ആശ്വാസമാണ്. ഇത്തരത്തില്‍ ആശ്വാസം നല്‍കുന്ന വ്യക്തി, വര്‍ഷങ്ങള്‍ക്കു മുമ്പ് ഒട്ടേറെ കഷ്ടതകളിലൂടെ കടന്നുപോയിട്ടുള്ള ആളാണ്. ലീ സിക്കിയുടെ ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ വിവാഹ മോചിതരായി. പിന്നീട് മുത്തശ്ശിക്കൊപ്പമായിരുന്നു ലീ സിക്കി കഴിഞ്ഞത്. ബാല്യകാലത്തെ കഷ്ടതയകറ്റാന്‍ പരിചാരികയായും ഇലക്ട്രീഷ്യനായും നൈറ്റ് ക്ലബ്ബില്‍ ഡിജെയായും ലീ സിക്കി വേഷമിട്ടു. ജീവിതത്തില്‍ സ്വതന്ത്രയാകണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ലീ സിക്കിയെ ഇന്ന് ഈ നിലയിലെത്തിച്ചത്.
ജീവിതത്തിലെ കഠിന യാഥാര്‍ഥ്യങ്ങളാണു പലപ്പോഴും ഒരു വ്യക്തിയെ ഉന്നതങ്ങളിലെത്തിക്കുന്നത്.
ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിലൂടെ വരുമാനം
സ്വന്തം ഉല്‍പ്പന്നങ്ങള്‍ ലീ സിക്കി യുട്യൂബില്‍ പ്രമോട്ട് ചെയ്യുന്നുണ്ട്. അതിനു പുറമെ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് എന്നിവയിലൂടെയും ലീ സിക്കി വരുമാനം കണ്ടെത്തുന്നു. പ്രതിമാസം 80,000 ഡോളര്‍ ലീ സിക്കി വരുമാനമായി നേടുന്നുണ്ട്.
വസ്ത്രങ്ങള്‍ ഡൈ ചെയ്തും, മുള കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ ഡിസൈന്‍ ചെയ്തും നിര്‍മിച്ചും, പാചകം ചെയ്തും ലീ സിക്കി വരുമാനം നേടുന്നുണ്ട്.
ജനപ്രീതി നേടിയ വീഡിയോ
“Peanut and melon seeds, dried meat, dried fruit, snowflake cake” എന്ന തലക്കെട്ടിലുള്ള ലീ സിക്കിയുടെ വീഡിയോ യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ ആണ്.
ആസ്തി
ലീ സിക്കിയുടെ കണക്കാക്കപ്പെടുന്ന അറ്റ മൂല്യം 10 ദശലക്ഷം ഡോളറാണ്. സ്വന്തമായി ലംബോര്‍ഗിനി അവന്റഡോര്‍ കാറുണ്ട്. ചൈനയിലെ പിംഗ്വ കൗണ്ടിയില്‍ കൃഷി ഭൂമിയും രണ്ട് നില കെട്ടിടവും സ്വന്തമായുണ്ട്.
ആദ്യം കയ്പ്പ് പിന്നീട് മധുരം
മെയ്പ്പായ് (meipai) എന്നൊരു നവമാധ്യമം ചൈനയിലുണ്ട്. അതില്‍ 2015-ല്‍ ലീ സിക്കി ഒരു പാചക വീഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും അത് ആരും തിരിഞ്ഞു പോലും നോക്കിയില്ല.
പിന്നീട് പീച്ച് വൈന്‍ എന്ന ടൈറ്റിലില്‍ ഒരു വീഡിയോ ലീ സിക്കി ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2017-ല്‍ ' മേക്കിംഗ് എ ഡ്രസ് ഔട്ട് ഓഫ് ഗ്രേപ്പ് സ്‌കിന്‍സ് ' എന്ന ടൈറ്റിലില്‍ യുട്യൂബില്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്തു. അതായിരുന്നു യു ട്യൂബിലെ ലീ സിക്കിയുടെ ആദ്യ വീഡിയോ. അത് വൈറലായി. അതിലൂടെ ലീ സിക്കിയുടെ സമയം തെളിയുകയും ചെയ്തു. ഇന്ന് ലക്ഷക്കണക്കിന് പേര്‍ അറിയുന്നൊരു സെലിബ്രിറ്റിയായി മാറിയിരിക്കുന്നു ലീ സിക്കി.