2022 ല്‍ ഗിഗ് തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡില്‍ പത്തിരട്ടി വര്‍ധന

  • കോര്‍പറേറ്റ് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലും, മൂണ്‍ലൈറ്റിംഗിനോടനുബന്ധിച്ചുണ്ടാകുന്ന തൊഴില്‍ പ്രശ്‌നങ്ങളും ഈ മേഖലയിലേക്ക് കൂടുതല്‍ തൊഴിലാളികളെത്താന്‍ കാരണമായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Update: 2023-01-14 06:29 GMT

ഡെല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഗിഗ് തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് പത്തിരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ മേഖലയിലെ തൊഴിലാളികകളുടെ പങ്കാളിത്തം മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നും ഗിഗ് വര്‍ക്ക് പ്ലാറ്റ്ഫോമായ ടാസ്‌ക്മോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോര്‍പറേറ്റ് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലും, മൂണ്‍ലൈറ്റിംഗിനോടനുബന്ധിച്ചുണ്ടാകുന്ന തൊഴില്‍ പ്രശ്‌നങ്ങളും ഈ മേഖലയിലേക്ക് കൂടുതല്‍ തൊഴിലാളികളെത്താന്‍ കാരണമായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഡെലിവറി ജീവനക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ മുതലായവരാണ് ഗിഗ് തൊഴിലാളികളില്‍ ഉള്‍പ്പെടുന്നത്. താത്കാലിക ജോലിയായതിനാല്‍ സ്ഥിര ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ലഭിക്കില്ല. തൊഴിലാളികള്‍ക്ക് അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കുന്നിതനുള്ള സൗകര്യം, അധിക വരുമാന നേട്ടം, പെട്ടന്ന് ജോലി ലഭിക്കുന്നതിനുള്ള സാധ്യതകള്‍ എന്നിവയാണ് ഗിഗ് മേഖലയിലെ ഡിമാന്‍ഡ് വര്‍ധനയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗിഗ് മേഖലയിലെ യുവാക്കളുടെ പങ്കാളിത്തം 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ എട്ടിരട്ടി വര്‍ധനയാണ് നേടിയത്. നിലവില്‍ ഗിഗ് തൊഴിലാളികളില്‍ 49 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരാണ്. ഈ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സാന്നിധ്യവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2021 ല്‍ ഗിഗ് തൊഴിലാളികളില്‍ 18 ശതമാനമായിരുന്നു സ്ത്രീ തൊഴിലാളികളെങ്കില്‍ 2022 ല്‍ ഇത് 36 ശതമാനമായി ഉയര്‍ന്നു. കസ്റ്റമര്‍ സപ്പോര്‍ട്ട് (ഉപഭോക്തൃ സേവനം), കണ്ടന്റ് മോണിറ്ററിംഗ് ആന്‍ഡ് മോഡറേഷന്‍ (ഉള്ളടക്ക നിയന്ത്രണം), ടെലി സെയില്‍സ്, ഓഡിറ്റ്, സര്‍വേ മുതലായ മേഖലകളിലാണ് വനിത ജീവനക്കാരെ കൂടുതലായും നിയമിക്കുന്നത്.

Tags:    

Similar News