1000-ലധികം തൊഴിലവസരവുമായി ബുക്കിംഗ് ഹോൾഡിങ്സ്
പുതിയ കേന്ദ്രം കമ്പനിയുടെ വളർച്ചയ്ക്കും കാഴ്ചപ്പാടിനും പിന്തുണ നൽകും
ബെംഗളൂരുവിൽ പുതിയ സംഘടനാ കേന്ദ്രങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്ന് അമേരിക്കൻ ട്രാവൽ ടെക്നോളജി കമ്പനിയായ ബുക്കിംഗ് ഹോൾഡിങ്സ്. ഇത് 2026 ഓടെ ബെംഗലൂരുവിൽ 1000 ൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, അതിനായി 250 ദശലക്ഷം നിക്ഷേപം ലക്ഷ്യം വെക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. പുതിയ കേന്ദ്രം കമ്പനിയുടെ വളർച്ചയ്ക്കും കാഴ്ചപ്പാടിനും പിന്തുണ നൽകുന്ന സാങ്കേതിക പ്രതിഭകളും വിദഗ്ധരും ഉൾപ്പെട്ടതായിരിക്കും. ബുക്കിംഗ്.കോം, അഗോഡ.കോം എന്നീ ട്രാവൽ ബുക്കിംഗ് വെബ്സൈറ്റുകൾ ഈ കമ്പനിയുടേതാണ്.
തുടക്കത്തിൽ ഫിൻടെക്, ഡാറ്റ അനലിറ്റിക്സ്, എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, മൊബൈൽ വികസനം എന്നിവയിൽ കഴിവുകൾ വികസിപ്പിക്കുന്നതിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിശ്വാസവും സുരക്ഷയും, സൈബർ സുരക്ഷ, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയുൾപ്പെടെ മറ്റ് മേഖലകളിലെ പുതിയ കഴിവുകൾ വികസിപ്പിക്കുന്നതും തുടരും.
യാത്രകളിൽ പുതിയ അനുഭവങ്ങൾ കോണ്ടുവരികയും കമ്പനി ബിസിനസിൻ്റെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുതിയ അവസരങ്ങൾക്ക് വഴി തുറക്കുമെന്ന് ബുക്കിംഗ് ഹോൾഡിംഗ്സിൻ്റെ ഇന്ത്യൻ ജനറൽ മാനേജർ രൺധീർ ബിന്ദ്ര പറഞ്ഞു. നഗരത്തിലെ ലോകോത്തര പ്രതിഭകളുടെ കൂട്ടത്തിലേക്ക് കമ്പനിയെ എത്തിക്കാൻ ഈ കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.