എക്സ്-ന് എന്തുപറ്റി? പണിമുടക്കി മസ്‍കിന്‍റെ പരീക്ഷണ പ്ലാറ്റ്‍ഫോം
- എക്‌സ് ആക്‌സസ് ചെയ്യുന്നതിൽ നിരവധി ഉപയോക്താക്കള്‍ പ്രശ്നം നേരിട്ടു
- പ്രശ്നം കൂടുതലായും എക്സ് ആപ്ലിക്കേഷനില്‍
- 'നിങ്ങളുടെ ടൈംലൈനിലേക്ക് സ്വാഗതം' എന്ന സന്ദേശം മാത്രമാണ് കാണുന്നത്
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സില്‍ (മുമ്പ് ട്വിറ്റർ) പല ഉപയോക്താക്കളും തടസം നേരിട്ടതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ എക്‌സ് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ട്രാക്കിംഗ് വെബ്‌സൈറ്റ് Downdetector.com അറിയിക്കുന്നു. എക്‌സ് ആപ്പിന്റെയും വെബ്‌സൈറ്റിന്റെയും ഉപയോക്താക്കള്‍ ഈ പ്രശ്‍നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആഗോള വ്യാപകമായി 70,000ല്‍ അധികം ഉപയോക്താക്കള്‍ക്ക് ഇന്ന് പ്ലാറ്റ്‍ഫോമില്‍ പ്രവേശിക്കുന്നതില്‍ പ്രയാസം നേരിട്ടു. ഇതിന്‍റെ 70 ശതമാനത്തോളം എക്സ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരും 30 ശതമാനത്തോളം എക്സ് വെബ്സൈറ്റ് ഉപയോഗിക്കുന്നവരുമാണ്.
സാധാരണയായി ട്വീറ്റുകളുടെ ഫീഡാണ് ഉപയോക്താക്കള്‍ പ്ലാറ്റ്‍ഫോമില്‍ എത്തുമ്പോള്‍ കാണുക എങ്കില്‍, 'നിങ്ങളുടെ ടൈംലൈനിലേക്ക് സ്വാഗതം' എന്ന സന്ദേശം മാത്രമാണ് പ്രശ്നം റിപ്പോര്‍ട്ട് ചെയ്ത ഉപയോക്താക്കള്‍ക്ക് കാണാനായത്.
എലോണ്‍ മസ്‍ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ സ്ഥാപനത്തിനകത്തും പ്ലാറ്റ്‍ഫോമിലും വ്യാപകമായ പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്. ഇതിന്‍റെ ഒരു ഘട്ടത്തിലാണ് പ്ലാറ്റ്‍ഫോമിന്‍റെ പേര് 'എക്സ്' എന്നാക്കി മാറ്റിയത്.