മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

  • വെല്ലുവിളികളുടെ മാര്‍ച്ചില്‍ കയറ്റുമതി 42 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
  • ഇറക്കുമതിയിലും വര്‍ധന രേഖപ്പെടുത്തി
;

Update: 2025-04-16 03:06 GMT
മൊത്തത്തിലുള്ള കയറ്റുമതി   എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

ഇന്ത്യയുടെ കയറ്റുമതിയില്‍ നേരിയ വളര്‍ച്ച. മാര്‍ച്ചില്‍ 0.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 41.97 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 820 ബില്യണ്‍ യുഎസ് ഡോളറിലുമെത്തി.

അവലോകന മാസത്തിലെ വ്യാപാര കമ്മി 21.54 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു. ഇത് ഈ വര്‍ഷം ഫെബ്രുവരിയില്‍ 14.05 ബില്യണ്‍ ഡോളറായിരുന്നു. 2023 മാര്‍ച്ചില്‍ വ്യാപാര കമ്മി 15.33 ബില്യണ്‍ ഡോളറുമായിരുന്നു.

മൊത്തത്തില്‍, 2024-25 (ഏപ്രില്‍-മാര്‍ച്ച്) കാലയളവില്‍, രാജ്യത്തിന്റെ കയറ്റുമതി 0.08 ശതമാനം വര്‍ധിച്ച് 437.42 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 6.62 ശതമാനം വര്‍ധിച്ച് 720.24 ബില്യണ്‍ ഡോളറിലെത്തി. ഇത് 282.82 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മി അവശേഷിപ്പിച്ചു.

മാര്‍ച്ചില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി കഴിഞ്ഞ 11 മാസത്തെ പ്രകടനത്തെ മറികടന്നു. ഇറക്കുമതിയുടെ കാര്യത്തില്‍, വളര്‍ച്ച മാര്‍ച്ചില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11.3 ശതമാനമായി ഉയര്‍ന്ന് 63.51 ബില്യണ്‍ യുഎസ് ഡോളറിലെത്തി.

2024-25 ല്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 820.93 ബില്യണ്‍ യുഎസ് ഡോളറിന്റെ റെക്കോര്‍ഡ് ആയി എത്തുമെന്ന് കണക്കാക്കപ്പെടുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ സേവന കയറ്റുമതി 341.06 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 383.51 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2023-24 ല്‍ 178.31 ബില്യണ്‍ ഡോളറില്‍ നിന്ന് ഇറക്കുമതി 2024-25 ല്‍ 194.95 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ചില രാജ്യങ്ങളിലെ മാന്ദ്യം, കടല്‍ മാര്‍ഗങ്ങളിലെ തടസ്സങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, 2024-25 ല്‍ ചരക്ക് കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു. സേവനങ്ങളുടെ അന്തിമ കണക്കുകള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കും, 'എന്നാല്‍ 2024-25 ല്‍ മൊത്തത്തിലുള്ള കയറ്റുമതി രണ്ട് ബില്യണ്‍ ഡോളര്‍ കൂടി വര്‍ധിക്കുമെന്നാണ് ഞങ്ങളുടെ ആന്തരിക വിലയിരുത്തല്‍,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്, ഫാര്‍മ, എല്ലാത്തരം തുണിത്തരങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങള്‍, അരി, കോട്ടണ്‍ നൂല്‍/തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, പുകയില എന്നിവയാണ് വളര്‍ച്ചയുടെ പ്രധാന ചാലകശക്തികള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ മേഖലകളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണ ഇറക്കുമതി 45.54 ബില്യണ്‍ ഡോളറില്‍ നിന്ന് 58.01 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്തു. 

Tags:    

Similar News