പ്ലാനറ്റ് വേഴ്‌സസ് പ്ലാസ്റ്റിക്; ഭൗമ ദിനം ഓര്‍മിപ്പിക്കുന്നത്
- കരയിലും കടലിലും പ്ലാസ്റ്റിക് ആധിപത്യം
- കരയിലെ മൃഗങ്ങളെക്കാള്‍ പ്ലാസ്റ്റിക്ക് മൂലം ദുരിതം പേറുന്നത് സമുദ്രജീവികളാണ്
- 10 വര്‍ഷത്തിനിടെ ഉത്പാദിപ്പിക്കപ്പെട്ടത് 38 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം
ചൂട് തന്നെ, സര്‍വ്വത്ര ചൂട്, ഇങ്ങനെ ചൂട് കൂടിയാല്‍ ജിവന്റെ അതിജീവനം അതിരൂക്ഷമാകും. ഭൂമിയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
പ്ലാനറ്റ് വേര്‍സസ് പ്ലാസ്റ്റിക് (Planet vs. Plastic) എന്നതാണ് ഇത്തവണത്തെ ലോക ഭൗമദിന സന്ദേശം. കരയിലും കടലിലും പ്ലാസ്റ്റിക് മാലിന്യത്തിന്റെ അതിപ്രസരം തന്നെ. ഇത്തവണ മൈക്രോപ്ലാസ്റ്റുക്കുകളുയര്‍ത്തുന്ന വെല്ലുവിളിയാണ് ചര്‍ച്ചാ വിഷയം. ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും മൈക്രോ പ്ലാസ്റ്റിക്കുകളുണ്ട്. വെള്ളം കുടിക്കുമ്പോഴും ശ്വസിക്കുമ്പോഴും ഇത് ശരീരത്തില്‍ പ്രവേശിക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 38 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ളത്. 20 ാം നൂറ്റാണ്ടില്‍ മനുഷ്യന്‍ ഉത്പാദിപ്പിച്ച മൊത്തം പ്ലാസ്റ്റിക്കിനെക്കാള്‍ വരുമിത്. 2024 ല്‍ ആഗോളതലത്തില്‍ 22 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉല്‍പ്പാദിപ്പിക്കപ്പെടുമെന്നാണ് ഏതാണ്ട് കണക്കാക്കുന്നത്. ഇതില്‍ പതിനഞ്ച് കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിലൂടെ സംസ്‌ക്കരിക്കാനായേക്കും എങ്കിലും ഏഴ് കോടി ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം സംസ്‌ക്കരിക്കപ്പെടാതെ പരിസ്ഥിതിക്ക് നാശം വിതക്കും.
കരയും കടലും ഒരുപോലെ ഈ ദുരിതത്തിന്റെ ഭാഗമാകുമ്പോള്‍ വരും കാലങ്ങളില്‍ മുന്നേറാന്‍ ശാസ്വതമായ മാര്‍ഗങ്ങള്‍ നമ്മള്‍ കണ്ടുപിടിക്കേണ്ടതുണ്ട്.
അമേരിക്കയില്‍ ഉത്തരാര്‍ദ്ധ ഗോളത്തില്‍ വസന്തകാലവും, ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമാണ് ഏപ്രില്‍ 22. ഈ പ്രത്യേക ദിനമാണ് ഇന്ന് ലോകമെങ്ങും ഭൗമദിനമായി ആചരിക്കുന്നത്.