ലോജിസ്റ്റിക്സും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തും

  • ചെന്നൈ-വ്‌ലാഡിവോസ്റ്റോക്ക് ഈസ്റ്റേണ്‍ മാരിടൈം കോറിഡോര്‍ ഉള്‍പ്പെടെയുള്ള സീ റൂട്ടുകളില്‍ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു
  • വടക്കന്‍ കടല്‍ റൂട്ട് വഴി റഷ്യയും ഇന്ത്യയും തമ്മിലുള്ള ഷിപ്പിംഗ് വികസിപ്പിക്കും
  • സിവില്‍ ഏവിയേഷന്‍ സുരക്ഷയുമായി ഇരു രാജ്യങ്ങളും സഹകരിക്കും

Update: 2024-07-10 06:23 GMT

ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ ലോജിസ്റ്റിക്സും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യയും റഷ്യയും വീണ്ടും ഉറപ്പിച്ചു. ചെന്നൈ-വ്‌ലാഡിവോസ്റ്റോക്ക് ഈസ്റ്റേണ്‍ മാരിടൈം കോറിഡോര്‍, ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ (ഐ എന്‍ എസ് ടി സി), നോര്‍ത്തേണ്‍ സീ റൂട്ട് എന്നിവയിലാണ് രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ നീക്കം യുറേഷ്യയിലുടനീളമുള്ള ഗതാഗത ഇടനാഴികളുടെ സ്ഥിരതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രസ്താവന. ചരക്ക് ഗതാഗതത്തിന്റെ സമയവും ചെലവും കുറയ്ക്കുന്നതിനും യുറേഷ്യന്‍ കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും ഐ എന്‍ എസ് ടി സീ റൂട്ടിന്റെ ഉപയോഗം തീവ്രമാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ ഇരുപക്ഷവും തുടരും.

ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ സഹകരണം സുതാര്യത, വിശാലമായ പങ്കാളിത്തം, പ്രാദേശിക മുന്‍ഗണനകള്‍, സാമ്പത്തിക സുസ്ഥിരത, എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

'വടക്കന്‍ കടല്‍ റൂട്ട് വഴി റഷ്യയും ഇന്ത്യയും തമ്മിലുള്ള ഷിപ്പിംഗ് വികസിപ്പിക്കുന്നതിനുള്ള സഹകരണത്തെ ഇരുരാജ്യങ്ങളും പിന്തുണയ്ക്കുന്നു. ഈ ആവശ്യത്തിനായി, വടക്കന്‍ കടല്‍ റൂട്ടിനുള്ളിലെ സഹകരണത്തിനായി ഒരു സംയുക്ത വര്‍ക്കിംഗ് ബോഡി സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു.

2023 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ നടന്ന യോഗത്തിന്റെ ഫലങ്ങള്‍ അടിസ്ഥാനമാക്കി സിവില്‍ ഏവിയേഷന്‍ സുരക്ഷയുമായി സഹകരിക്കാനും രാജ്യങ്ങള്‍ സമ്മതിച്ചു. കൂടാതെ, ദീര്‍ഘകാല ഊര്‍ജ വ്യാപാര കരാറുകള്‍ പര്യവേക്ഷണം ചെയ്യാനും കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാനുമുള്ള പദ്ധതികളോടെ ഊര്‍ജ സഹകരണത്തിന് ശക്തമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

2024 മുതല്‍ 2029 വരെയുള്ള കാലയളവില്‍ റഷ്യന്‍ ഫാര്‍ ഈസ്റ്റിലെ വ്യാപാരം, സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണ പരിപാടിയില്‍ ഒപ്പുവെച്ചതിനെയും റഷ്യന്‍ ഫെഡറേഷന്റെ ആര്‍ട്ടിക് മേഖലയിലെ സഹകരണ തത്വങ്ങളെയും നേതാക്കള്‍ സ്വാഗതം ചെയ്തു.

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ്, സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറം, ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം എന്നിവയുള്‍പ്പെടെ വിവിധ സാമ്പത്തിക ഫോറങ്ങളില്‍ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രാധാന്യം നേതാക്കള്‍ ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ പ്ലാറ്റ്ഫോമുകള്‍ നിര്‍ണായകമാണ്.

ആണവ മേഖല,ബഹിരാകാശ രംഗം എന്നിവ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

Tags:    

Similar News