സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ട്രേഡ് പോളിസി ഫോറത്തില്‍ ഇന്ത്യയും യുഎസും

  • വിസ പ്രോസസിംഗ് വേഗത വര്‍ധിപ്പിക്കണം
  • ജിഎസ്പി പ്രോഗ്രാമിനുകീഴിലുള്ള കയറ്റുമതി ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം
  • ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് സംബന്ധിച്ചും ചര്‍ച്ച

Update: 2024-01-13 08:42 GMT

വിസ, നിര്‍ണായക ധാതുക്കള്‍, കയറ്റുമതി ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കല്‍, ഫാര്‍മ, മറൈന്‍ ഗുഡ്‌സ് എന്നിവയുടെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ തുടങ്ങിയവ 14-ാമത് ട്രേഡ് പോളിസി ഫോറത്തില്‍ ഇന്ത്യയും യുഎസും ചര്‍ച്ച ചെയ്തു. യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായ്, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രൊഫഷണല്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസ് സന്ദര്‍ശകര്‍ തുടങ്ങിയവരുടെ ഉഭയകക്ഷി നീക്കങ്ങള്‍ സാമ്പത്തിക, സാങ്കേതിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം പ്രയോജനം ചെയ്യുന്നതായി ഇരുനേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

''വിസ പ്രോസസ്സിംഗ് സമയപരിധി കാരണം ഇന്ത്യയില്‍ നിന്നുള്ള ബിസിനസ് സന്ദര്‍ശകര്‍ നേരിടുന്ന വെല്ലുവിളികള്‍ മന്ത്രി ഗോയല്‍ എടുത്തുകാണിക്കുകയും പ്രോസസ്സിംഗ് വര്‍ധിപ്പിക്കാന്‍ യുഎസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു,'' അതില്‍ പറയുന്നു.

വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ മേഖലകളില്‍ മച്ചപ്പെട്ട ഇടപെടലുകള്‍ തങ്ങളുടെ സര്‍ക്കാരുകള്‍ പിന്തുടരുമെന്നും രണ്ടുനേതാക്കളും പറയുന്നു.

ചില മേഖലകള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. നിര്‍ണായകമായ ധാതുക്കള്‍, കസ്റ്റംസ്, വ്യാപാര സുഗമമാക്കല്‍, വിതരണ ശൃംഖലകള്‍, ഹൈടെക് ഉല്‍പ്പന്നങ്ങളുടെ വ്യാപാരം എന്നിവ അതില്‍പ്പെടും. അതില്‍ സാമ്പത്തികമായി മികച്ച ഫലങ്ങള്‍ കൈവരിക്കുന്നതിനായി യുഎസും ഇന്ത്യയും ഒരു റോഡ്മാപ്പ് വികസിപ്പിക്കും.

ഭാവിയില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഈ ശ്രമങ്ങള്‍ തുടരാന്‍ മന്ത്രിമാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

ചരക്കുകളുടെയും സേവനങ്ങളുടെയും ഉഭയകക്ഷി വ്യാപാരം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നും 2023 ല്‍ 200 ബില്യണ്‍ യുഎസ് ഡോളര്‍ കവിയാന്‍ സാധ്യതയുണ്ടെന്നും അത് കൂട്ടിച്ചേര്‍ത്തു. യുഎസ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രോഗ്രാമിന് കീഴിലുള്ള ഗുണഭോക്തൃ പദവി പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ താല്‍പ്പര്യം യോഗത്തില്‍ ഗോയല്‍ ആവര്‍ത്തിച്ചു. 'യുഎസ് കോണ്‍ഗ്രസ് നിര്‍ണ്ണയിച്ച യോഗ്യതാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഇത് പരിഗണിക്കാമെന്ന് അംബാസഡര്‍ തായ് അഭിപ്രായപ്പെട്ടു,'പ്രസ്താവന പറയുന്നു.

ഡിജിറ്റല്‍ വ്യാപാരത്തിലും സേവനങ്ങളിലുമുള്ള ഉഭയകക്ഷി സഹകരണം അവരുടെ ചലനാത്മക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കണമെന്ന് ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞതായും ഇത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പുതിയ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് (ഡിപിഡിപിഎ) സംബന്ധിച്ചും ചര്‍ച്ച നടന്നു. ഉഭയകക്ഷി വ്യാപാരത്തെ ഉത്തേജിപ്പിക്കുന്നതില്‍ പ്രൊഫഷണല്‍ സേവനങ്ങളുടെ പങ്ക് ഇന്ത്യയും യുഎസും അംഗീകരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രൊഫഷണല്‍ യോഗ്യതകളും അനുഭവപരിചയവും അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സേവന വ്യാപാരം സുഗമമാക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News