കൊല്ലങ്കോടിനെ നയിക്കാം,ഉത്തരവാദിത്ത ടൂറിസത്തിലൂടെ

  • പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനമാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പരിഗണിക്കുന്നത്

Update: 2023-07-26 11:00 GMT

രാജ്യത്തെ പത്ത് സുന്ദര ഗ്രാമങ്ങളിലൊന്ന് നമ്മുടെ കേരളത്തില്‍, സഹ്യനോട് ചേര്‍ന്നുള്ള ഗ്രാമം കൊല്ലങ്കോട്. ഇപ്പോഴിവിടെ എന്തെന്നില്ലാത്ത തിരക്കാണ്. കളേഴ്‌സ് ഓഫ് ഭാരത് എന്ന സാമൂഹിക മാധ്യമ പേജാണ് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത് അവയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. അന്നു മുതലിങ്ങോട്ട് ചോദിച്ചറിഞ്ഞും കേട്ടറിഞ്ഞും എത്തുന്നവര്‍ ഏറെയാണ്. ഗ്രാമം പ്രസിദ്ധമായതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് കാര്യമായ വരുമാനം കിട്ടി തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ കൊല്ലങ്കോട് ഉള്‍പ്പെടെയുള്ള പാലക്കാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാരം വളര്‍ത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ സഞ്ചാരികളെ കൊണ്ട് നാട്ടുകാര്‍ക്ക് തലവേദനയായിരിക്കുകയാണ്. സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ പൊന്ന് വിളയേണ്ട പാടത്ത് പ്ലാസ്റ്റിക് മാലിന്യവും മദ്യകുപ്പികളും കുമിഞ്ഞ് കൂടാന്‍ തുടങ്ങി. അവധി ദിവസങ്ങളില്‍ ചെറിയ റോഡുകളില്‍ ഗതാഗത തിരക്ക് മൂലം നാട്ടുകാര്‍ക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. നാടിന്റെ തനിമ ഇല്ലാതാക്കുന്ന പ്രവൃത്തികള്‍ സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ നാട്ടുകാര്‍ പറയുന്നത് നന്ദി, വീണ്ടും വരാതിരിക്കുക എന്നാണ്.

ഉത്തരവാദിത്തത്തിലൂടെ

ഉത്തരവാദിത്വ-പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനമാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പരിഗണിക്കുന്നത്. പ്രദേശത്തെ പച്ചപ്പ്, മലനിരകള്‍, നീരൊഴുക്ക്, പാടങ്ങള്‍, പഴയകാല ഓര്‍മ്മകള്‍ പുതുക്കുന്ന കാഴ്ച്ചകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കുകയെന്നത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമാണെന്നും അതിനാല്‍ ഉത്തരവാദിത്വ ടൂറിസത്തിനാണ് ഊന്നല്‍ കൊടുക്കുന്നതെന്നും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ കെ. ബാബു വ്യക്തമാക്കിയിരുന്നു. ജില്ലാഭരണകൂടം, തദേശ സ്ഥാപനങ്ങള്‍, ഡി.ടി.പി.സി, കുടുംബശ്രീ ജില്ലാ മിഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍, വിവിധ മേഖലകളിലുള്ളവര്‍, വ്ളോഗര്‍മാരെ കൂടി ഉള്‍പ്പെടുത്തിയുള്ള ടൂറിസം വികസനമാണ് ആലോചിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.

നാട്ടുകാര്‍ക്ക് കൂടി പ്രയോജനമാകും വിധത്തില്‍ അവര്‍ക്ക് വരുമാനം നേടിക്കൊടുക്കുക കൂടി ലക്ഷ്യമിട്ട് നാട്ടുകാരുടെ പങ്കാളിത്വത്തോടെ ഉത്തരവാദിത്വ ടൂറിസം എന്ന തരത്തിലാണ് പ്രദേശത്തെ ടൂറിസം വികസനം കൊണ്ട് ഉദേശിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സ്വച്ഛമായ ഈ നാട് ആസ്വദിച്ചു തിരിച്ചു പോകാനുള്ള അന്തരീക്ഷം സഞ്ചാരികള്‍ക്കായി ഒരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

താഴ്‌വരയിലെ ഗ്രാമം

നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്തിലാണ് കൊല്ലങ്കോട് ഗ്രാമം. മലയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങള്‍. മലനിരകള്‍ക്ക് താഴെ പച്ച വിരിച്ച നെല്‍പ്പാടം. ഇതാണ് കൊല്ലങ്കോടിന്റെ കാഴ്ച്ച. പാലക്കാട് പട്ടണത്തില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയാണ് കൊല്ലങ്കോട് ഗ്രാമം. നെല്ലിയാമ്പതി, പോത്തുണ്ടി ഡാം, സീതാകുണ്ട്, പറമ്പിക്കുളം എന്നിവ കൊല്ലങ്കോടിന് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

Tags:    

Similar News