കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആദ്യ ഇന്‍ഫിനിറ്റി സെന്‍ററിന് ദുബായില്‍ തുടക്കം
- കേരള സ്റ്റാര്‍ട്ടപ്പുകളുടെ വിദേശ അവസരങ്ങള്‍ക്ക് വഴി തുറക്കും
- എന്‍ആര്‍ഐ-കള്‍ക്ക് വിദേശത്തോ കേരളത്തിലോ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം
- വിദേശ സ്റ്റാര്‍ട്ടപ്പുകളെ കേരളം പ്രവേശന കവാടമാക്കി ഇന്ത്യയിലെത്താന്‍ പ്രേരിപ്പിക്കും
കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) ആദ്യ ഇൻഫിനിറ്റി സെന്ററിന് ദുബായിയില്‍ തുടക്കം. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ലോകമെമ്പാടും ഏകജാലക കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക എന്ന സ്വപ്ന പദ്ധതിയുടെ ആദ്യ പടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബായ് സെന്‍ററിന് തുടക്കം കുറിക്കുന്നത്. യുഎസിലെയും ക്യൂബയിലെയും പര്യടനം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി കേരളത്തിലേക്കുള്ള മടക്കത്തിനു മുമ്പായാണ് ദുബായിയില്‍ എത്തിയത്.
ബുർജ് ഖലീഫയിലെ താജിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷത വഹിച്ചു. കെഎസ്‌യുഎമ്മുമായി സഹകരിച്ച് പ്രവാസി മലയാളികളെ സംരംഭകരാക്കി മാറ്റുന്നതിലൂടെ, വിദേശ വിപണികളിലെ അവരങ്ങള്‍ നേടുന്നതിന് കേരളത്തിലെ സ്റ്റാർട്ടപ്പുകളെ സജ്ജമാക്കുന്നതിനായി ഇത്തരം ലോഞ്ച് പാഡുകളുടെ ഒരു പരമ്പരയ്ക്ക് തുടക്കം കുറിക്കുമെന്ന് കെഎസ്‌യുഎം പ്രസ്താവനയിൽ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ യുഎസ്, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലും ഇന്‍ഫിനിറ്റി സെന്‍ററുകള്‍ ആരംഭിക്കും.
ഇന്ത്യയുടെ യുഎഇ അംബാസഡർ സഞ്ജയ് സുധീർ, സംസ്ഥാന ഐടി ആൻഡ് ഇലക്‌ട്രോണിക്‌സ് സെക്രട്ടറി ഡോ രത്തൻ യു കേൽക്കർ, കെഎസ്‌യുഎം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക, കോൺസൽ ജനറൽ ഓഫ് ഇന്ത്യ (ദുബായ്) ഡോ അമൻ പുരി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ സിഎംഡി എം എ യൂസഫ് അലി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, എംഡി ആസാദ് മൂപ്പൻ. ഐബിഎസ് എക്‌സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ്, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവർ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി.
സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി പ്രോഗ്രാമിലൂടെ വിദേശത്തും കേരളത്തിലും സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ വിദേശ മലയാളികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. എൻആർഐ സമൂഹത്തിന് അവരുടെ റസിഡന്റ് രാജ്യത്തോ ഇന്ത്യയിലോ ബിസിനസുകൾ സ്ഥാപിക്കാനും നടത്തുന്നതിനും സഹകരണങ്ങള്‍ സ്ഥാപിക്കുന്നതിനും സാധിക്കുന്ന തരത്തില്‍ ഒരു ആഗോള ഡെസ്‌ക് എന്ന നിലയിലാണ് തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഈ ലോഞ്ച്പാഡ് സ്ഥാപിതമാകുന്നത്.
ഇന്ത്യൻ വിപണിയിലെ അവസരങ്ങള്‍ക്കായി ശ്രമിക്കുന്ന വിദേശ സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യയിലേക്കുള്ള പ്രവേശന മാര്‍ഗമാക്കി കേരളത്തെ മാറ്റുന്നതിനും ഇന്‍ഫിനിറ്റി സെന്‍ററുകളിലൂടെ സഹായങ്ങള്‍ നല്‍കും. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി എൻആർഐ ഏഞ്ചൽ നെറ്റ്‌വർക്കുകൾ സൃഷ്ടിക്കാനും സംസ്ഥാനത്തെ ഐടി പ്രോജക്ടുകളിലേക്കുള്ള ഫണ്ടിംഗിന്റെയും നിക്ഷേപത്തിന്റെയും അളവ് വർദ്ധിപ്പിക്കാനും ഈ ഉദ്യമം ലക്ഷ്യമിടുന്നു.
സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയാണ് കെഎസ്‌യുഎം.