മലേഷ്യയിലെ മുട്ട ഉത്പാദനം പ്രതിസന്ധിയില്‍, ഇന്ത്യയില്‍ നിന്നും കയറ്റിയയച്ചത് 50 ലക്ഷം മുട്ടകള്‍
- ഡിസംബറില്‍ മാത്രം ഏകദേശം 50 ലക്ഷം മുട്ടകളാണ് ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് കയറ്റുമതി ചെയ്തത്.
;
മുംബൈ: റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മലേഷ്യയിലെ മുട്ട വ്യാപാരത്തെ ഇത് സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. കോഴിത്തീറ്റയ്ക്കുള്‍പ്പടെ വില വര്‍ധിച്ചതോടെ രാജ്യത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മുട്ട ഉത്പാദനം കുറഞ്ഞതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിയെ ആശ്രയിക്കുകയാണ് മലേഷ്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ മാസം ഏകദേശം 50 ലക്ഷം മുട്ടകളാണ് ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് കയറ്റിയയ്ച്ചതെന്നും ഈ മാസം അത് അഞ്ച് കോടിയായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇപ്പോഴുള്ള സാഹചര്യം തുടര്‍ന്നാല്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിന്നും 10 കോടി മുട്ടകള്‍ മലേഷ്യയിലേക്ക് കയറ്റിയയ്ക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഇത്രയധികം മുട്ടകള്‍ മലേഷ്യയിലേക്ക് കയറ്റിയയ്ക്കുന്നത്. കര്‍ഷകര്‍ക്ക് സബ്‌സിഡി ഉള്‍പ്പടെ ലഭ്യമാക്കി മുട്ട ഉത്പാദന മേഖലയ്ക്ക് ഊര്‍ജ്ജം പകരാനുള്ള ശ്രമത്തിലാണ് മലേഷ്യന്‍ സര്‍ക്കാര്‍.
കഴിഞ്ഞ കുറച്ച് മാസങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം മുട്ട കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ സിംഗപ്പൂരിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും വന്‍തോതില്‍ മുട്ട കയറ്റുമതി നടത്തിയിരുന്ന മലേഷ്യയില്‍ നിന്നും ഇത്രവലിയ ഓര്‍ഡര്‍ ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്നും വ്യാപാരികള്‍ പറയുന്നു. പക്ഷിപ്പനി ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മൂലം ആഗോളതലത്തില്‍ മിക്ക രാജ്യങ്ങളിലും മുട്ട ക്ഷാമം രൂക്ഷമാകുന്നുണ്ട്.