ഒല ഉടമ ഒറ്റ രാത്രി കൊണ്ട് ശതകോടീശ്വരനായത് എങ്ങനെ ?
- 2017-ൽ സ്ഥാപിതമായ കമ്പനി ഐപിഒയിലൂടെ സമാഹരിച്ചത് 6,145.56 കോടി രൂപയാണ്
- ഇന്ത്യൻ ഇ വി മേഖലയിലെ പ്രധാന കമ്പനികളിലൊന്നാണ് ഒല
- ഒല സ്ഥാപിതമായി രണ്ട് വർഷത്തിന് ശേഷം ഒരു സ്കൂട്ടർ പോലും വിപണിയിലെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല
ഭവിഷ് അഗർവാളിൻ്റെ ഒല ഇലക്ട്രിക് കഴിഞ്ഞ ദിവസമാണ് വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഓഹരികൾ ലിസ്റ്റ് ചെയ്തതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളായി അദ്ദേഹം മാറി. ഫ്ലാറ്റ് ലിസ്റ്റിങ്ങോടെ വിപണിയിലെത്തിയ ഓഹരികൾ 1.5 ബില്യൺ ഡോളറാണ് അഗർവാളിൻ്റെ ആസ്തിയിൽ കൂട്ടി ചേർത്തത്. ഇതോടെ ഭവിഷ് അഗർവാളിൻ്റെ മൊത്തം ആസ്തി 2.7 ബില്യൺ ഡോളർ വരെ ഉയർന്നു. ഇഷ്യൂ വിലയായ 76 രൂപയ്ക്കായിരുന്നു ഓഹരികൾ ലിസ്റ്റ് ചെയ്തത്. വിപണിയിലെത്തിയ ഓഹരികൾ ആദ്യഘട്ട വ്യാപാരത്തിൽ തന്നെ 20 ശതമാനം ഉയർന്നു. 2017-ൽ സ്ഥാപിതമായ കമ്പനി ഐപിഒയിലൂടെ സമാഹരിച്ചത് 6,145.56 കോടി രൂപയാണ്.
ആഭ്യന്തര ഓഹരി വിപണിയിൽ രണ്ട് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ലിസ്റ്റിംഗ് കൂടിയായിരുന്നു ഒലയുടേത്. പ്രാഥമിക വിപണിയിലെ ശക്തമായ നിക്ഷേപക ഡിമാൻഡും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കായി വർദ്ധിച്ചുവരുന്ന താല്പര്യവും ഒലയുടെ ഇഷ്യൂവിന് മുതൽക്കൂട്ടായി.
നിലവിൽ ഒല ഇലക്ട്രിക്ക് ലാഭത്തിലല്ലെങ്കിലും ഇന്ത്യൻ ഇ വി മേഖലയിലെ പ്രധാന കമ്പനികളിലൊന്നാണ് ഒല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 1,584.40 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
ഒല സ്ഥാപിതമായി രണ്ട് വർഷത്തിന് ശേഷം ഒരു സ്കൂട്ടർ പോലും വിപണിയിലെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ സോഫ്റ്റ്ബാങ്ക്, ടൈഗർ ഗ്ലോബൽ മാനേജ്‌മെൻ്റ് എന്നിവയുടെ ആദ്യകാല നിക്ഷേപം വന്നതോടെ ഒരു ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായ ഒല ഇലക്ട്രിക് യൂണികോണായി മാറി.
ഈ കാലയളവിൽ ഇന്ത്യയുടെ ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ അതിൻ്റെ തുടക്കത്തിലായിരുന്നു. ലോകത്തിലെ മുൻനിര "അർബൻ മൊബിലിറ്റി ഇ വി കമ്പനി" നിർമ്മിക്കാൻ അഗർവാൾ ലക്ഷ്യമിട്ടിരുന്നതായി അദ്ദേഹം 2021 ൽ ബ്ലൂംബെർഗിനോട് പറഞ്ഞിരുന്നു.
തീ അണയ്ക്കാനുള്ള ഓട്ടം
എന്നാൽ കമ്പനിക്ക് ആദ്യ കാലങ്ങളിൽ ചില വീഴ്ചകൾ പറ്റിയിരുന്നു. 2021 ൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, സ്‌കൂട്ടറുകളിലെ ഇ വി ബാറ്ററി തീപിടുത്തത്തിൽ ഒലയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. ഇതിനെ തുടർന്ന് 1400-ലധികം സ്കൂട്ടറുകൾ കമ്പനി തിരിച്ചു വിളിച്ചു. എന്നാൽ അഗർവാൾ അതിനെയെല്ലാം അതിജീവിച്ചു. ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളായി തൻറെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
കമ്പനിയുടെ ലിസ്‌റ്റിംന് മുമ്പ് തന്നെ അഗർവാൾ എക്‌സ്‌ക്ലൂസീവ് ക്ലബ്ബിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച 500 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയുള്ള ബ്ലൂംബെർഗ് സമ്പത്ത് സൂചികയിൽ 40 വയസ്സിന് താഴെയുള്ള ഏഴ് പേരിൽ ഒരാൾ അഗർവാളായിരുന്നു.
ഓല ക്യാബ്‌സിലും ക്രുട്രിമിലും ഓഹരി പങ്കാളിത്തമുള്ള ഭവിഷ് അഗർവാൾ ചായ ശൃംഖലയായ ചായോസിലും വാർത്താ പ്ലാറ്റ്‌ഫോമായ യുവർസ്‌റ്റോറിയിലും നിക്ഷേപം നടത്തി എയ്ഞ്ചൽ നിക്ഷേപകനായി സാനിധ്യം അറിയിച്ചിട്ടുണ്ട്.
ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദം നേടിയ ശേഷം, അഗർവാൾ മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചു. ഓല കാബ്‌സ്, ഒരു റൈഡ് പ്ലാറ്റഫോം എന്ന നിലയിലാണ് ആരംഭിച്ചത്. പിന്നീട് ക്യാബ് സേവനങ്ങൾക്കപ്പുറം ഓൺലൈൻ പേയ്‌മെൻ്റുകളിലേക്കും ഭക്ഷണ വിതരണത്തിലേക്കും വ്യാപിച്ചു.
2023-ൽ അഗർവാൾ പുതിയ സംരംഭമായ ക്രുട്രിം സ്ഥാപിച്ചു, ഈ വർഷം ജനുവരിയിൽ ഇന്ത്യയുടെ ആദ്യത്തെ 1 ബില്യൺ ഡോളർ മൂല്യമുള്ള എഐ സ്റ്റാർട്ടപ്പായി ക്രുട്രിം മാറി. ക്രുട്രിമിലൂടെ, എഐയ്‌ക്കായി വലിയ ഭാഷാ മോഡലുകൾ, ഡാറ്റാ സെൻ്ററുകൾ, സെർവറുകൾ, സൂപ്പർ കമ്പ്യൂട്ടറുകൾ എന്നിവ നിർമ്മിക്കാൻ ലക്ഷ്യമിടുന്നുണ്ട്.