എഐ നിങ്ങളുടെ ജോലി കളയുമാ ? അറിയാം വെല്ലുവിളികളെ
- ലാംഗ്വേജ് മോഡലുകൾ കൂടുതൽ ശക്തമാവുന്നു
- ക്രിയാത്മകവും ഉയർന്ന മൂല്യമുള്ള ജോലികൾക്കും ഇത്തരം സാങ്കേതിക വിദ്യകൾ
- സാങ്കേതിക വിദ്യ വിരസത കുറക്കുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറുന്നു.ഒരു സാധാരണക്കാരന്റെ ലളിതമായ ആവശ്യങ്ങൾ മുതൽ രാജ്യത്തിന്റെ പ്രതിരോധം വരെ ഇത് കയ്യടക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് ലോകത്ത് പല ജോലികളും ചെയ്യുന്ന റോബോട്ടുകൾ കാണാം. സാങ്കേതികത മാനം മുട്ടെ പുരോഗമിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യരുടെ തൊഴിലിനു വരെ ഇത് ഭീഷണി ആവുമെന്ന് ആശങ്കപ്പെടുന്നു.
എ ഐ മേഖല അതിവേഗം വളരുകയാണ് , യന്ത്രങ്ങളുടെ ബുദ്ധിയിൽ നിന്നും മനുഷ്യന്റെ ക്രിയാത്മകതയിലേക്കും അവന്റെ ബുദ്ധിയിലേക്കും ഇത് പ്രവേശിച്ചു കഴിഞ്ഞു.
എഐ ചാറ്റ്ബോട്ടുകൾ മനുഷ്യരേക്കാൾ ബുദ്ധിമാന്മാരാകും എന്ന് ഗൂഗിളിൽ നിന്നും രാജി പ്രഖ്യാപിച്ച് കൊണ്ട് ജഫ്രി ഹിന്റൺ മുന്നറിയിപ്പ് നൽകിയത് ലോകത്തെ ഏറ്റവും വലിയ ആശങ്കയിലാക്കുന്നു... ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ ഗോഡ്ഫാദർ എന്ന് പരക്കെ അറിയപ്പെടുന്ന ഹിന്റൺ തന്നെ എ ഐ നിമിത്തം വരാനിരിക്കുന്ന ഭാവിയിലെ അപകടങ്ങളെ പറ്റി ഓർമപ്പെടുത്തുന്നു.
അതെ സമയം പല ബിസിനസ് മേഖലകളിലും നിർമിത ബുദ്ധിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ പറ്റി വലിയ ചർച്ചകൾ പുരോഗമിക്കുന്നു. ആർട്ടിഫിഷ്യൽ ലാംഗ്വേജ് മോഡലുകൾ കൂടുതൽ ശക്തമായി കൊണ്ടിരിക്കുന്നു. കാൾസെന്ററുകൾ,മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഉൾപ്പെടെ കൂടുതൽ പേർക്കു അവസരങ്ങൾ തുറന്നുകൊടുത്തിരുന്ന മേഖലകളിൽ എ ഐ യുടെ വരവോടെ തൊഴിലവസരങ്ങൾ കുറയും.
ടെലികോം, മീഡിയ ടെക്നോളജി, റീടെയിൽ, ബാങ്കിങ്, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും എ ഐ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു .
എഐ ഒരു മുതിർന്ന വ്യക്തിയെ പോലെ ബുദ്ധിമാൻ ആവുന്നില്ല എങ്കിലും അത് സംഭവിക്കുന്ന കാലവും വിദൂരമല്ല .വളരെ വേഗത്തിലാണ് ഈ മേഖലയിൽ ഓരോ മാറ്റവും സംഭവിക്കുന്നത് .അതുകൊണ്ടു നമ്മുടെ തൊഴിൽ മേഖലയെ ബാധിക്കുന്ന കാലം വിദൂരമല്ല . ലോകത്തിലെ സമ്പദ് വ്യവസ്ഥകളുടെ വിവിധ മേഖലകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് നിർമിത ബുദ്ധിക്ക് ഉണ്ട് .
സാങ്കേതികവിദ്യകൾ നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി . നമ്മുടെ കൈകളിൽ ഉള്ള സ്മാർട്ഫോണുകളിൽ നമുക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഉണ്ട് . എന്നാൽ ഇത്തരം പുതിയ സാങ്കേതിക വിദ്യകൾ നമ്മുടെ ഒഴിവ് സമയത്തെ ആസ്വാദ്യകരമാക്കിയെങ്കിലും ജോലി ചെയ്യുമ്പോൾ ഉള്ള മനുഷ്യന്റെ ഉല്പാദന ക്ഷമതയെ ഒട്ടും കൂട്ടിയിട്ടില്ല .എന്നാലത് വിരസത ഒഴിവാക്കിയിട്ടുണ്ടാവാം
ക്രിയാത്മകവും ഉയർന്ന മൂല്യമുള്ള ജോലികൾക്കും ഇത്തരം സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നത് അദ്‌ഭുതം സൃഷ്ടിച്ചേക്കാം ആഴ്ചകൾ കൊണ്ട് മാത്രം സാധ്യമാവുന്ന ക്രിയാത്മകമായ സംഗീതമോ എഴുത്തോ ചിത്രങ്ങളോ പ്രോഗ്രാമിങ് ജോലിയോ ഒക്കെത്തന്നെ നിമിഷങ്ങൾ കൊണ്ട് സാധ്യമായേക്കാം എന്ന് ഓപ്പൺ എ ഐ മേധാവി സാം ആൾട്ട് മാൻ പറയുന്നു .
തൊഴിലാളികൾക്കു ഇത്തരം സാങ്കേതിക വിദ്യകളോട് പൊരുത്ത പെടാൻ കഴിയുന്നതിലും വേഗത്തിൽ ഇത് അവരുടെ കഴിവിനെ മറികടന്നേക്കാം. ഇത് സാമൂഹിക സാമ്പത്തിക പ്രതിസന്ധികൾ സമൂഹത്തിൽ സൃഷ്ടിച്ചേക്കാം എന്ന് വിദഗ്ധർ പറയുന്നു
എന്നാൽ എ ഐ സാങ്കേതിക പുരോഗതി ധാരാളം പുതിയ തൊഴിലവസരങ്ങൾ നൽകുന്നുണ്ട് . അത് ഉപയോഗിക്കാൻ കഴിഞ്ഞാൽ വെല്ലുവിളിയെ നേരിടാം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു
ടെക്‌നോ പ്രേമികളുടെ ഇത്തരം ആശങ്കകളോടുള്ള പ്രതികരണം ഇങ്ങനെയാണ് : "നിങ്ങൾക്ക് പകരം ഒരു എഐ വരില്ല, പക്ഷേ എ ഐ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ഒരാൾ നിങ്ങളെ മാറ്റിയേക്കാം"