ഇൻസ്റ്റാഗ്രാം നോട്സിൽ ഇനി മ്യൂസിക് ക്ലിപ്പും പങ്കു വെക്കാം
- 30 സെക്കന്റ് ഓഡിയോ മ്യൂസിക് ക്ലിപ്പ് 24 മണിക്കൂർ വരെ ഇൻസ്റ്റാഗ്രാമിൽ ഉണ്ടാവും
- മ്യൂസിക് നോട്ടുകൾ ആർക്കൊക്കെ കാണാം എന്നതും ഉപയോക്താവിന് തെരെഞ്ഞെടുക്കാവുന്നതാണ്
- കൗമാര പ്രായത്തിൽ ഉള്ളവരാണ് ഇൻസ്റ്റാഗ്രാം നോട്സ് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം നോട്സിൽ ഇനി ഓഡിയോ മ്യൂസിക് ക്ലിപ്പും പങ്കുവെക്കാമെന്നു മെറ്റാ സി ഇ ഒ മാർക്ക് സക്കൻബെർഗ് അറിയിച്ചു. ടെക്സ്റ്റും ഇമോജിയും സഹിതം ഇൻസ്റ്റാഗ്രാം നോട്സിൽ ചേർക്കാവുന്ന 30 സെക്കന്റ് ഓഡിയോ മ്യൂസിക് ക്ലിപ്പ് 24 മണിക്കൂർ വരെ ഇൻസ്റ്റാഗ്രാമിൽ ഉണ്ടാവും.
മ്യൂസിക് ക്ലിപ്പ് എങ്ങനെ പങ്കു വെക്കാം
വളരെ ലളിതമായ നോട്സ് ചാറ്റ് സെക്ഷനിൽ ലഭ്യമാവും. ഇതുവരെ ഇൻസ്റ്റാഗ്രാം ടെക്സ്റ്റും ഇമോജിയും മാത്രമേ പങ്കുവയ്ക്കാൻ സാധിച്ചിരുന്നുള്ളു.എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാം ലൈബ്രറിയിൽ നിന്നും ഇഷ്ടപെട്ട മ്യൂസിക് തെരെഞ്ഞെടുത്ത് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം സ്റ്റാറ്റസ് ഒഴിവാക്കാനും മാറ്റാനും സാധിക്കും.
ഇൻസ്റ്റാഗ്രാം നോട്ടുകൾ ചേർക്കുന്ന അതെ രീതിയിൽ തന്നെ 30 സെക്കന്റ് മ്യൂസിക് ക്ലിപ്പും ചേർക്കാവുന്നതാണ്. ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്ത ശേഷം ചാറ്റ് വിൻഡോയിൽ മുകളിൽ ഇടതു ഭാഗത്തായി "your notes " എന്ന് കാണാം. ആഡ് മ്യൂസിക് ഓപ്ഷൻ തെരെഞ്ഞെടുത്ത് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന പാട്ട് തെരെഞ്ഞെടുത്ത ശേഷം ടെക്സ്റ്റും ഇമോജിയും സഹിതം സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം.
കൂടാതെ അപ്ഡേറ്റ് ചെയ്യുന്ന മ്യൂസിക് നോട്ടുകൾ ആർക്കൊക്കെ കാണാം എന്നതും ഉപയോക്താവിന് തെരെഞ്ഞെടുക്കാവുന്നതാണ്. ഇത് കൂടാതെ ഉപയോക്താക്കൾ നോട്സിൽ പങ്കുവെക്കുന്ന ടെക്സ്റ്റുകൾ 'സീ ട്രാൻസ്ലേഷൻ ' ക്ലിക്ക് ചെയ്‌ത് ആവശ്യമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്യാനുള്ള ഫീച്ചറും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്ഷം ഡിസംബറിലാണ് ഇൻസ്റ്റാഗ്രാം നോട്സ് ഫീച്ചർ കമ്പനി അവതരിപ്പിച്ചത്. ഇൻബോക്സിനു തൊട്ട് മുകളിൽ ഉപയോക്താക്കൾക്കു നോട്സ് പങ്കുവെക്കാം. കൗമാര പ്രായത്തിൽ ഉള്ളവരാണ് ഇൻസ്റ്റാഗ്രാം നോട്സ് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും എന്ന് കമ്പനി പറയുന്നു. കഴിഞ്ഞ 3 മാസങ്ങൾക്കുള്ളിൽ 100 ദശലക്ഷം കൗമാരക്കാർ ഇൻസ്റ്റാഗ്രാം നോട്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അനുദിനം ധാരാളം ഇൻസ്റ്റാഗ്രാം,വാട്സാപ്പ് ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനു പുറമെ ട്വിറ്ററിന് ബദൽ ആയി പ്രൊജക്റ്റ് 92 എന്ന രഹസ്യനാമത്തിൽ ട്വിറ്ററിന്റെ എതിരാളിയായ ആപ്പിനെ മെറ്റ വികസിപ്പിക്കുന്നുവെന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു.