ട്വിറ്ററില്‍ ഇനി മുതല്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാം
- വീഡിയോകള്‍ 8 ജിബിയില്‍ കൂടാന്‍ പാടില്ല
- പരമാവധി വീഡിയോ റെസലൂഷന്‍ 1080p ആയിരിക്കണം
- യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണു ദീര്‍ഘമായ വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുള്ളത്
ട്വിറ്റര്‍ വലിയൊരു മാറ്റത്തിനു തയാറെടുക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ലിന്‍ഡ യാക്കറിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒയായി നിയമിച്ചത്. ഇപ്പോള്‍ ഇതാ ട്വിറ്ററില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ചിരിക്കുകയാണു ഇലോണ്‍ മസ്‌ക്. വീഡിയോകള്‍ 8 ജിബിയില്‍ കൂടാന്‍ പാടില്ലെന്നും പരമാവധി വീഡിയോ റെസലൂഷന്‍ 1080p ആയിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ട്വിറ്ററിന്റെ വെരിഫൈഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പ്രതിമാസം എട്ട് ഡോളറാണ് (ഏകദേശം 662 ഇന്ത്യന്‍ രൂപ) വെരിഫൈഡ് സബ്‌സ്‌ക്രൈബര്‍മാരില്‍നിന്ന് ട്വിറ്റര്‍ ഈടാക്കുന്നത്. വെരിഫൈഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 10,000 ക്യാരക്‌റ്റേഴ്‌സുള്ള ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കും. എന്നാല്‍ സാധാരണ സബ്‌സ്‌ക്രൈബേഴ്‌സിന് ഇത് 280 ക്യാരക്‌റ്റേഴ്‌സാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ട്വിറ്ററില്‍ നേരത്തേ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷേ, 2 മിനിറ്റ് 20 സെക്കന്‍ഡ്‌സ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വമായ വീഡിയോകളായിരുന്നു അപ് ലോഡ് ചെയ്യാന്‍ അനുവദിച്ചിരുന്നത്.
യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണു ദീര്‍ഘമായ വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുള്ളത്. ഇങ്ങനെ അപ് ലോഡ് ചെയ്യുന്ന ദീര്‍ഘമേറിയ വീഡിയോകളുടെ ക്രിയേറ്റര്‍മാര്‍ക്കു വരുമാനം നേടാനുള്ള മോണിറ്റൈസേഷന്‍ പ്രോഗ്രാമും യുട്യൂബിലും ഫേസ്ബുക്കിലും ഉണ്ട്. ട്വിറ്ററില്‍ ഇത്തരമൊരു പ്രോഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി നടപ്പിലാക്കുമെന്ന് ഫെബ്രുവരിയില്‍ മസ്‌ക് അറിയിച്ചെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല.
ട്വിറ്ററില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ അപ് ലോഡ് ചെയ്യാനാകുമെന്ന് മസ്‌ക് അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തുവന്നത്.
ഒരു യൂസര്‍ അഭിപ്രായപ്പെട്ടത് ' ട്വിറ്ററാണ് ഇനി പുതിയ നെറ്റ്ഫ്‌ളിക്‌സ് ' എന്നായിരുന്നു. മറ്റൊരാള്‍ എഴുതിയത് ' ട്വീറ്റിയൂബിന് സ്വാഗതം ' (Tweetube) എന്നാണ്.