യുവജനങ്ങള്‍ക്ക് എഐ വൈദഗ്ധ്യം; ഗൂഗിള്‍ തമിഴ്‌നാട്ടിലേക്ക്

  • തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എഐ പരിശീലനം സംബന്ധിച്ച് ഗൂഗിളുമായി ധാരണാപത്രം ഒപ്പുവെച്ചു
  • തമിഴ്നാട് സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിലേക്ക് കുതിക്കുകയാണെന്ന് സംസ്ഥാന വ്യവസായമന്ത്രി

Update: 2024-08-31 10:04 GMT

തമിഴ്‌നാട്ടിലെ രണ്ട് ദശലക്ഷം യുവജനങ്ങള്‍ക്ക് എഐയില്‍ വൈദഗ്ധ്യം നല്‍കാന്‍ ഗൂഗിള്‍. ഇതിനായി സംസ്ഥാനത്ത് ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബുകള്‍ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജാ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗൂഗിളിന്റെ ആസ്ഥാനം സന്ദര്‍ശിച്ച് ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുന്നതിന് പിന്തുണ ഉറപ്പാക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഇപ്പോള്‍ അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ്.

സ്റ്റാലിന്റെ യുഎസ് സന്ദര്‍ശനത്തോടെ തമിഴ്നാട് സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിലേക്ക് കുതിക്കുകയാണെന്ന് തമിഴ്നാട് മന്ത്രി ടിആര്‍ബി രാജ പറഞ്ഞു.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ആപ്പിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ഓഫീസുകളും സ്റ്റാലിന്‍ സന്ദര്‍ശിക്കുകയും ഈ ടെക് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ടെക് ക മ്പനികളുമായി പങ്കാളിത്തം ശക്തിപ്പെടുത്തി തമിഴ്‌നാടിനെ ഏഷ്യയിലെ മുന്‍നിര വളര്‍ച്ചാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്നാട് ആഗോള പങ്കാളിത്തത്തോടെ മുന്നേറുകയാണെന്നും അത് സംസ്ഥാനത്തെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറ്റുമെന്നും രാജ പറഞ്ഞു. സ്റ്റാലിന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നോക്കിയ, പേപാല്‍, മൈക്രോചിപ്പ്, യീല്‍ഡ് എഞ്ചിനീയറിംഗ് സിസ്റ്റംസ് എന്നിവയുള്‍പ്പെടെ നിരവധി നിക്ഷേപകരുമായി തമിഴ്നാട് സര്‍ക്കാര്‍ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.

കരാറുകള്‍ പ്രകാരം, നോക്കിയ തമിഴ്നാട്ടില്‍ 450 കോടി രൂപ ചെലവില്‍ ഒരു പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ സ്ഥാപിക്കും. അതേസമയം പേപാല്‍ ചെന്നൈയില്‍ ഒരു അഡ്വാന്‍സ്ഡ് ഡെവലപ്മെന്റ് സെന്റര്‍ സ്ഥാപിക്കുകയും 1,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മൈക്രോചിപ്പ് പുതിയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കും. യീല്‍ഡ് എഞ്ചിനീയറിംഗ് സിസ്റ്റംസ് അര്‍ദ്ധചാലക ഉപകരണങ്ങളുടെ ഉല്‍പന്ന വികസനവും നിര്‍മ്മാണ സൗകര്യവും സ്ഥാപിക്കും.

Tags:    

Similar News