ചാരപ്പണി ഒതുക്കാൻ 42,000 കോടി നൽകാൻ തയ്യാറായി ഗൂഗിൾ
- ഉപഭോക്താക്കൾ ഗൂഗിളിനെതിരെ ഉന്നയിച്ച കേസ് 2020-ൽ ആണ് ആരംഭിച്ചത്
- ഗൂഗിൾ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും, ഉപയോഗിക്കുകയും ചെയ്‌തു
- ഓൺലൈൻ സ്വകാര്യതയുടെ ഭാവി സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്
ഗൂഗിളിൻ്റെ ഇൻകൊഗ്നിറ്റോ മോഡിൽ ഉപയോക്തൃ ഡാറ്റ ട്രാക്ക് ചെയ്യുന്നതായി ആരോപിക്കപ്പെട്ട കേസ് അഞ്ചു ബില്യൺ ഡോളർ (ഏകദേശം 41,600 കോടി രൂപ) കൊടുത്ത് ഒത്തുതീർപ്പാകാൻ ആൽഫബെറ്റ്. ഇൻകൊഗ്നിറ്റോ മോഡ് ഉപയോഗിച്ച് ബ്രൗസ് ചെയ്യുന്ന ഉപയോക്താക്കളുടെ ഹിസ്റ്ററി, കുക്കികൾ, പാസ്‌വേഡുകൾ എന്നിവ ട്രാക്ക് ചെയ്യാതിരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നിരുന്നാലും, ഈ മോഡിൽ ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഗൂഗിൾ രഹസ്യമായി നിരീക്ഷിച്ചതായി പരാതി ഉണ്ടായിരുന്നു.
ഗൂഗിളിന്റെ ഈ പ്രവർത്തനം ഉപയോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് പരാതിക്കാർ ആരോപിച്ചു. ഈ കേസിൽ ഗൂഗിൾ ന്റെ ഭാഗത് വീഴ്ച വന്നത് കണ്ടെത്തുകയും നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ഗൂഗിൾ സമ്മതിക്കുകയും ചെയ്തു. കേസ് ജഡ്ജി യവോണ്‍ ഗോൺസാലസ് റോജേഴ്സ് 2024 ഫെബ്രുവരി 5ന് നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ, ഒത്തുതീർപ്പിനായുള്ള പ്രാരംഭ കരാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേസ് താൽക്കാലികമായി നിർത്തിവച്ചു.
അനേകം ഗൂഗിൾ ഉപയോക്താക്കൾ ഗൂഗിളിനെതിരെ ഒരുമിച്ച് ഉന്നയിച്ച കേസ് 2020-ൽ ആണ് ആരംഭിച്ചത്. ഈ കേസ് ഗൂഗിളിൻ്റെ ഇൻകൊഗ്നിറ്റോ മോഡിന്റെ വിശ്വാസ്യതയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുകയും, വ്യക്തികളുടെ സ്വകാര്യതക്ക് ഭീക്ഷണി നിലനിൽക്കുന്നു എന്ന് വാദിക്കുകയും ചെയുന്നു. കേസ് ഒത്തുതീർപ്പിലൂടെ ഗൂഗിൾ തങ്ങളുടെ ഇൻകൊഗ്നിറ്റോ മോഡിന്റെ ട്രാക്കുചെയ്യൽ നയങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും. കാരണം മറഞ്ഞിരുന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നതായി കരുതിയ നിരവധി വ്യക്തികളുടെ സ്വകാര്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
വാദികളുടെ അഭിപ്രായത്തിൽ, ഗൂഗിളിൾ ഉപയോക്താവിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ, പ്രവർത്തനങ്ങൾ, സെൻസിറ്റീവ് തിരയലുകൾ എന്നിവയിൽ ഉൾക്കാഴ്ചകൾ നേടുകയും, ഡാറ്റകൾ ശേഖരിക്കുകയും ചെയ്തിരിക്കുന്നു.
ഇൻകൊഗ്നിറ്റോ മോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ അവരുടെ ബ്രൗസിംഗ് പ്രവർത്തനങ്ങൾ മറ്റുള്ളവരിൽ നിന്ന് മറയ്ക്കുന്നു എന്ന് കരുതുന്നു. എന്നാൽ ഇവിടെ, ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളെ വഞ്ചിക്കുകയും അവരുടെ സ്വകാര്യതയെ അവഗണിക്കുകയും ചെയ്തുവെന്ന് ഈ കേസ് വെളിപ്പെടുത്തുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും, ഉപയോഗിക്കുകയും ചെയ്‌തുവെന്നാണ് പ്രധാന ആരോപണം. പേയ്‌മെന്റ് വിവരങ്ങൾ, ലൊക്കേഷൻ ഡാറ്റ, വെബ് ബ്രൗസിങ് ചരിത്രം എന്നിവ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനും, ലാഭകരമായ പരസ്യങ്ങൾ നിർമ്മിക്കുന്നതിനും ഈ വിവരങ്ങൾ ഉപയോഗിച്ചുവെന്നാണ് കേസ് ചൂണ്ടിക്കാണിക്കുന്നത്.
ഇൻകൊഗ്നിറ്റൊ മോഡിൽ പോലും ഗൂഗിൾ ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിച്ചുവെന്ന് കണ്ടെത്തിയതോടെ, ഓൺലൈൻ സ്വകാര്യതയുടെ ഭാവി സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഈ കേസ്, ഓൺലൈനിൽ നമ്മുടെ ഡാറ്റകൾ എത്രമാത്രം സുരക്ഷിതമാണ് എന്നതിനെക്കുറിച്ചുള്ള ഒരു ഗൗരവമായ തിരിച്ചറിവാണ് നൽകുന്നത്. ഓൺലൈനിലെ നമ്മുടെ ഓരോ ക്ലിക്കും, ഓരോ തിരച്ചിലും, നാം നമ്മെ തന്നെ വരച്ചു കാട്ടുന്ന ഒരു തുറന്ന പുസ്‌തകം ആയി തീർന്നിരിക്കുന്നു. ഇത് ജനങ്ങൾ ഡിജിറ്റൽ സ്വാതന്ത്ര്യത്തിനായി പൊരുത്തുന്ന ഒരു കാലഘട്ടത്തിലേക്ക് അവരെ എത്തിക്കുകയും ചെയ്തിരിക്കുന്നു.