ചാറ്റ് ജിപിറ്റി വഴി വ്യാജ വാര്‍ത്ത: ചൈനയില്‍ ആദ്യ അറസ്റ്റ്
- വാര്‍ത്ത ആദ്യം ശ്രദ്ധിച്ചത് സൈബർ സെക്യൂരിറ്റി ഓഫീസർ
- പോലീസ് കുറ്റവാളിയെ പിടികൂടിയത് ഗാന്‍സു പ്രൊവിന്‍സില്‍ നിന്ന് .
- ബൈജിയാഹോ പ്ലാറ്റ് ഫോമിൽ 20 ഓളം അക്കൗണ്ടില്‍ വാര്‍ത്ത പ്രചരിച്ചു
ലോകം ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിറ്റി. ഗൂഗിളിനു പോലും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചാറ്റ് ജിപിറ്റി എന്നൊക്കെ പറയപ്പെടുന്നു. ഇപ്പോള്‍ ഇതാ ചൈനയില്‍ നിന്നും ചാറ്റ് ജിപിറ്റിയെ കുറിച്ചൊരു വാര്‍ത്ത എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ചൈനയില്‍ ഹോങ്ക് എന്ന് വിളിപ്പേരുള്ള ഒരു വ്യക്തി ചാറ്റ് ജിപിറ്റിയെ ദുരുപയോഗം ചെയ്തു എന്നതാണ് ആ വാര്‍ത്ത.
ഒരു ട്രെയ്ന്‍ അപകടം നടന്നെന്നും ഒന്‍പത് പേര്‍ മരിച്ചെന്നും വിശദീകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ചാറ്റ് ജിപിറ്റിയെ ദുരുപയോഗിച്ച് ഓണ്‍ലൈനില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. ചൈനയിലുള്ള ബൈജിയാഹോ (Baijiahao) എന്നൊരു പ്ലാറ്റ് ഫോമിൽ 20 ഓളം അക്കൗണ്ടില്‍ ഈ വാര്‍ത്ത പോസ്റ്റ് ചെയ്തതായും കാണപ്പെട്ടു.
കോങ് ടോങ് കൗണ്ടിയിലുള്ള ഒരു സൈബര്‍ സെക്യൂരിറ്റി ഓഫീസറാണ് ഈ വാര്‍ത്ത ആദ്യം ശ്രദ്ധിച്ചത്.വിശദമായ അന്വേഷണത്തിനൊടുവില്‍ സംഗതി വ്യാജമാണെന്നു മനസിലായതിനെ തുടര്‍ന്ന് പൊലീസ് ഗാന്‍സു പ്രൊവിന്‍സില്‍ നിന്നും കുറ്റവാളിയെ പിടികൂടുകയായിരുന്നു.വ്യാജമായി പ്രചരിപ്പിച്ച വാര്‍ത്ത ഏകദേശം 15,000 തവണ ക്ലിക്ക് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.