ചാറ്റ് ജിപിടി ആപ്പ് ഇന്ത്യയിലുമെത്തി
- ആൻഡ്രോയിഡ് ഫോണിലും ഉടൻ ലഭ്യമാവും
- വെബ് വേര്‍ഷന് സമാനായി ആപ്പിലും പരസ്യങ്ങളില്ല
- ചാറ്റ്ജിപിടി പ്ലസ് ഉപയോക്താക്കൾക്ക് ജിപിടി-4 വഴി വിപുലമായ ഫീച്ചറുകള്‍
ചാറ്റ്ജിപിടി ആപ്പ് ഇന്ത്യയിലെ ഐ ഫോൺ ഉപയോക്താക്കൾക്കും ഇപ്പോള്‍ ലഭ്യമാവുന്നു.ഇന്ത്യ ഉൾപ്പെടെ ഉൾപ്പെടെ 33 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ആപ്പ് കഴിഞ്ഞ ദിവസം പുതുതായി ലഭ്യമായി തുടങ്ങിയത്. അമേരിക്കയിൽ ആപ്പ് ലഭ്യമായി 6 ദിവസത്തിനുള്ളിൽ തന്നെ മറ്റു എഐ ചാറ്റ് ബോട്ടുകളെ പിന്നിലാക്കിക്കൊണ്ട്, അരദശലക്ഷം ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ നിന്ന് ചാറ്റ് ജി പിടി ആപ്പ് ഡൗൺലോഡ് ചെയ്‌തെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു.
പരക്കുന്ന നിര്‍മിത ബുദ്ധി
അൾജീരിയ ,അർജന്റീന,അസർബൈജാൻ, ബൊളീവിയ, ബ്രസീൽ, കാനഡ, ചിലി, കോസ്റ്റാറിക്ക, ഇക്വഡോർ, എസ്റ്റോണിയ, ഘാന, ഇന്ത്യ, ഇറാഖ്, ഇസ്രായേൽ, ജപ്പാൻ, ജോർദാൻ, കസാക്കിസ്ഥാൻ, കുവൈറ്റ്, ലെബനൻ, ലിത്വാനിയ, മൗറിറ്റാനിയ, മൗറീഷ്യസ്, മെക്സിക്കോ, മൊറോക്കോ, ഒമാൻ, നമീബിയ , പാകിസ്ഥാൻ, പെറു, പോളണ്ട്, ഖത്തർ, സ്ലോവേനിയ, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ സൂപ്പര്‍സ്റ്റാര്‍ എഐ ചാറ്റ്ബോട്ട് പുതുതായി എത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച ആഴ്ച ആദ്യം യൂറോപ്യന്‍ രാഷ്ട്രങ്ങളുള്‍പ്പടെ 11 രാജ്യങ്ങളിൽ കൂടെ ആപ്പ് ലഭ്യമാക്കിയിരുന്നു. ആൻഡ്രോയിഡ് ഡിവൈസുകളിലേക്കും ഉടൻ ചാറ്റ്ജിപിടി എത്തുമെന്ന് ഓപ്പണ്‍എഐ അറിയിച്ചിട്ടുണ്ട്.
ആപ്പ് സ്റ്റോറിൽ നിന്ന് സൗജന്യമായി ചാറ്റ്ജിപിടി ഡൗൺലോഡ് ചെയ്യാവുന്നതാണ്, വെബ് പതിപ്പിന് സമാനമായി ആപ്പിലും പരസ്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഉപയോക്തൃ-സൗഹൃദമായ ഇന്റർഫേസാണ് ആപ്പിനുള്ളത്. കൂടാതെ ഓപ്പൺഎഐയുടെ സ്പീച്ച് റെക്കഗ്നിഷൻ സിസ്റ്റമായ വിസ്‍പര്‍ വഴി വോയിസ് ഇൻപുട്ട് നല്‍കാനുമാകും. ചാറ്റ്ജിപിടി പ്ലസ് ഉപയോക്താക്കൾക്ക് ജിപിടി-4 വഴി വിപുലമായ ഫീച്ചറുകളും ആക്സസ് ചെയ്യാൻ കഴിയും. ചാറ്റ് ജി പി ടി പ്ലസ് ഉപയോഗിക്കാൻ പ്രതിമാസം 20ഡോളർ വരിസംഖ്യ അടക്കണം
ചാറ്റ് ജിപിടി വിപ്ലവം
വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചും അന്താരാഷ്ട്ര നേതാക്കളെ കണ്ടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സംബന്ധിച്ച അവരുടെ ആശങ്കകൾ മനസിലാക്കുന്നതിനുമായുള്ള ശ്രമത്തിലാണ് നിലവില്‍ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ.
ചാറ്റ് ജി പി ടി യുടെ വരവോടു കൂടി ആളുകൾക്ക് കൂടുതലായി എഐ സാങ്കേതിക വിദ്യയെ അടുത്തറിയാനും ഉപയോഗിക്കാനും സാധിച്ചു. കവിതകൾ എഴുതാനും കഥകൾ എഴുതാനും പുതിയ ബിസിനസ് മോഡലുകൾ സൃഷ്ടിക്കാനുമൊക്കെ ഇത് ഉപയോഗിക്കാം. പരസ്യങ്ങൾ ഇല്ലായെന്നതും കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുമെന്നതും ചാറ്റ്ജിപിടി-യെ കൂടുതൽ ജനപ്രിയമാക്കി.
ചാറ്റ്ജിപിടിക്ക് ബദലായി തങ്ങളുടെ ബാർഡിനെ അവതരിപ്പിച്ചുകൊണ്ട് എഐ ചാറ്റ്ബോട്ട് രംഗത്ത് ശക്തമായ മത്സരത്തിന് ഗൂഗിളും കളമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബാർഡ് ഇന്ത്യയുള്‍പ്പടെയുള്ള വിപണികളിലേക്ക് ഗൂഗിള്‍ എത്തിച്ചിരുന്നു.