ഐഫോണ്‍ 16 സീരീസ്; ഫോണുകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു

  • 2017 മുതല്‍ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നു
  • ഐഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ആവേശം വിതറി ആപ്പിള്‍
  • രാജ്യത്തെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ടെക് ഭീമന്‍

Update: 2024-10-04 09:31 GMT

ഐഫോണ്‍ 16 സീരീസിലെ എല്ലാ ഫോണുകളുടെയും നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയുള്‍പ്പെടെ മുഴുവന്‍ ഐഫോണ്‍ 16 ലൈനപ്പും നിര്‍മ്മിക്കുന്നതോടൊപ്പം രാജ്യത്ത് നാല് പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി ടെക്നോളജി ഭീമന്‍ പ്രഖ്യാപിച്ചു.

ബെംഗളൂരു, പൂനെ, ഡല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലാകും പുതിയ സ്‌റ്റോറുകള്‍ ആരംഭിക്കുക. 2023 ഏപ്രിലില്‍ ഡല്‍ഹിയിലെ സാകേത്, മുംബൈയിലെ ബികെസി എന്നിവിടങ്ങളില്‍ തുറന്ന സ്റ്റോറുകള്‍ക്ക് പുറമെയായിരിക്കും ഇവ. എന്നിരുന്നാലും, ഈ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള സമയക്രമം ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല.

'ഞങ്ങളുടെ സ്റ്റോറുകള്‍ ആപ്പിളിന്റെ സാങ്കേതിക വൈഗദഗ്ധ്യം അനുഭവിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ്. ഇന്ത്യയിലെ ഞങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ഇത് വളരെ മികച്ചതാണ്,' ആപ്പിളിന്റെ റീട്ടെയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡെയ്ഡ്രെ ഒബ്രിയന്‍ പറഞ്ഞു.

ആപ്പിള്‍ 2017 മുതല്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നു. എന്നിരുന്നാലും, പ്രാരംഭ നിര്‍മ്മാണ ഘട്ടം പഴയ തലമുറ മോഡലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 2021-ല്‍, ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ 13 മോഡലുകള്‍ ലോഞ്ച് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ആഗോള ഔട്ട്ലെറ്റുകളില്‍ എത്തി. 2022-ല്‍ ഐഫോണ്‍ 14നൊപ്പം ഈ കാലതാമസം രണ്ടാഴ്ചയില്‍ താഴെയായി കുറഞ്ഞു.

ഇന്ത്യയില്‍ നിര്‍മ്മിച്ച മോഡലുകള്‍ ആദ്യ ദിവസം തന്നെ ലഭ്യമായത് ഐഫോണ്‍ 15 സീരീസ് ആയിരുന്നു. എന്നിരുന്നാലും, പ്ലസ് മോഡല്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന ഐഫോണ്‍ മോഡലുകള്‍ക്ക് മാത്രമായി ഉത്പാദനം പരിമിതപ്പെടുത്തി.

ഇപ്പോള്‍, ആദ്യമായി, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയുള്‍പ്പെടെ മുഴുവന്‍ ഐഫോണ്‍ സീരീസും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ ലോഞ്ച് ചെയ്ത ദിവസം മുതല്‍ രാജ്യത്ത് ലഭ്യമാണ്.

ഇന്ത്യയില്‍ നിലവില്‍ 3,000-ത്തിലധികം ജീവനക്കാരുണ്ടെന്ന് ആപ്പിള്‍ പറഞ്ഞു. രാജ്യത്ത് കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ക്കായുള്ള പദ്ധതികള്‍ ആപ്പിള്‍ സ്ഥിരീകരിച്ചതോടെ ഈ എണ്ണം ഉടന്‍ വര്‍ധിക്കും.

ഈ വര്‍ഷം ആദ്യം ആപ്പിള്‍ ബെംഗളൂരുവില്‍ 15 നിലകളിലായി പുതിയ ഓഫീസ് തുറന്നു. ആപ്പിളിന്റെ ബെംഗളൂരു ഓഫീസില്‍ 1,200 ജീവനക്കാര്‍ വരെ ഉണ്ടായിരിക്കുമെന്നും പ്രത്യേക ലാബ് ഇടം, സഹകരണത്തിനും ആരോഗ്യത്തിനുമുള്ള മേഖലകള്‍, കഫേ മാക്സ് എന്നിവ ഉള്‍ക്കൊള്ളുന്നുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കി.

Tags:    

Similar News