ഇന്ത്യയില്‍ ആറായിരം കോടി നിക്ഷേപിക്കുമെന്ന് വണ്‍പ്ലസ്
- അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 2,000 കോടി രൂപ വീതമാണ് നിക്ഷേപിക്കുക
- ആകര്‍ഷകമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക, മികച്ച ഉപഭോക്തൃ സേവനം തുടങ്ങിയവ ഉറപ്പാക്കാനാണ് നിക്ഷേപം
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ബിസിനസില്‍ 6,000 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്.
ഇന്ത്യയില്‍ ഉല്‍പ്പന്ന നവീകരണവും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 'പ്രോജക്റ്റ് സ്റ്റാര്‍ലൈറ്റിന്' കീഴില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 2,000 കോടി രൂപ വീതം നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
''ഈ മേഖലയിലെ ബ്രാന്‍ഡിന്റെ ഭാവി നിക്ഷേപത്തിനായുള്ള തന്ത്രപരമായ കാഴ്ചപ്പാടെന്ന നിലയിലാണ് പ്രോജക്റ്റ് സ്റ്റാര്‍ലൈറ്റ് എന്ന പേരില്‍ ഈ നിക്ഷേപ പദ്ധതി ആരംഭിച്ചത്,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
പ്രോജക്റ്റ് സ്റ്റാര്‍ലൈറ്റ് നിക്ഷേപം മൂന്ന് പ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ ആകര്‍ഷകമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക, മികച്ച ഉപഭോക്തൃ സേവനം, ആഭ്യന്തരാധിഷ്ഠിത സവിശേഷതകള്‍ വികസിപ്പിക്കുക എന്നിവയാണ് ഇവ. 'ആഗോളതലത്തില്‍ ഇന്ത്യ ഞങ്ങള്‍ക്ക് ഒരു മുന്‍ഗണനയായി തുടരുന്നു, ജനങ്ങളുടെ വിശ്വാസവും താല്‍പ്പര്യവും നേടാന്‍ ഞങ്ങള്‍ തുടര്‍ന്നും പരിശ്രമിക്കുന്നു', വണ്‍പ്ലസ് ഇന്ത്യ, സിഇഒ, റോബിന്‍ ലിയു പറഞ്ഞു.