സി ടൈപ്പ് ഇനി 'പൊതു ചാര്‍ജ്ജര്‍', കമ്പനികള്‍ക്ക് 2025 മാര്‍ച്ച് വരെ സമയം
- വെയറബിളുകള്‍ക്കും സി ടൈപ്പ് പോര്‍ട്ട് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.
ഡെല്‍ഹി: 2025 മാര്‍ച്ചിനകം രാജ്യത്തെ എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളും പൊതു ചാര്‍ജ്ജിംഗ് പോര്‍ട്ടായി യുഎസ്ബി സി ടൈപ്പ് ഉപയോഗിക്കണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. ആഗോളതലത്തില്‍ മിക്ക കമ്പനികളെല്ലാം ഇപ്പോള്‍ ചാര്‍ജ്ജിംഗിനായി സി ടൈപ്പ് പോര്‍ട്ടിലേക്ക് മാറുകയാണ്.
2024 ഡിസംബര്‍ 28നകം ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് സി ടൈപ്പ് ചാര്‍ജ്ജിംഗ് പോര്‍ട്ടായിരിക്കണം ഉള്‍പ്പെടുത്തേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ലാപ്‌ടോപ്പ് നിര്‍മ്മാതാക്കള്‍ക്ക് 2026 വരെയാണ് ഇതിനായി യൂറോപ്യന്‍ യൂണിയന്‍ സമയം നല്‍കിയിരിക്കുന്നത്.
നിലവില്‍ 98 ശതമാനത്തോളം സ്മാര്‍ട്ട് ഫോണുകളിലും സി ടൈപ്പ് ചാര്‍ജറാണ് ഉപയോഗിക്കുന്നത്. വെയറബിളുകള്‍ക്കും സി ടൈപ്പ് പോര്‍ട്ട് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.
സി ടൈപ്പ് ചാര്‍ജ്ജര്‍ നിര്‍ബന്ധമാക്കുന്ന സമയത്ത് തന്നെയാണ് വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനവുമായി പുതിയ ഐഫോണ്‍ എത്തുക എന്ന റിപ്പോര്‍ട്ടും വരുന്നത്.