ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

  • ഇന്ത്യയില്‍ 500-ഓളം ജീവനക്കാരെ പിരിച്ചുവിടും
  • ലോകമെമ്പാടുമുള്ള 9,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസിയ പ്രഖ്യാപിച്ചിരുന്നു.
  • ആമസോണിന്റെ ഇന്ത്യയിലെ ഇ-കൊമേഴ്സ് ബിസിനസ്സ് വളര്‍ച്ചയില്‍ മാന്ദ്യമാണ് നേരിടുന്നത്

Update: 2023-05-16 06:03 GMT

യുഎസ്സിലെ സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ഭീമന്‍ ആമസോണ്‍ ആഗോളതലത്തില്‍ തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ 500-ഓളം ജീവനക്കാരെ പിരിച്ചുവിടും.

ആമസോണിന്റെ ക്ലൗഡ് ബിസിനസ് ഉള്‍പ്പെടുന്ന വെബ് സര്‍വീസസ് (എഡബ്ല്യുഎസ്), ഹ്യുമണ്‍ റിസോഴ്‌സസ്, സപ്പോര്‍ട്ട് ഫങ്ഷന്‍സ് എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണു പിരിച്ചുവിടുന്നത്.

അതേസമയം, പിരിച്ചുവിടല്‍ സ്ഥിരീകരിക്കുന്ന ഔദ്യോഗിക പ്രസ്താവന ആമസോണില്‍ നിന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല.

ഇന്ത്യയില്‍ ആമസോണ്‍ സമീപകാലത്തായി ഇത് രണ്ടാം തവണയാണു ജീവനക്കാരെ പിരിച്ചുവിടുന്നത്. ആമസോണിന്റേതുള്‍പ്പെടെ ലോകമെമ്പാടുമുള്ള ടെക് ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്നു ജനുവരിയില്‍ കമ്പനി ലേ-ഓഫ് പ്രഖ്യാപിച്ചിരുന്നു.

ലോകമെമ്പാടുമുള്ള 9,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസിയ പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ വരുമാനത്തിലുണ്ടായ ഇടിവും ആഗോളസാമ്പത്തികരംഗത്തെ മാന്ദ്യവുമൊക്കെയാണു പിരിച്ചുവിടലിനു കാരണം.

ഇ-കൊമേഴ്‌സ് ബിസിനസ്സിലെ സെല്ലര്‍ സപ്പോര്‍ട്ട് (seller support ) വിഭാഗമായ ആമസോണ്‍ ഡിജിറ്റല്‍ കേന്ദ്ര അടച്ചുപൂട്ടി. ഈ വിഭാഗത്തിന്റെ ഭാഗമായിരുന്ന ജീവനക്കാരില്‍ ചിലരെ പിരിച്ചുവിടുകയും മറ്റു ചിലരെ കമ്പനിക്കുള്ളിലെ തന്നെ മറ്റ് മേഖലകളിലേക്കു പുനര്‍വിന്യസിക്കുകയും ചെയ്തു.

പുനഃസംഘടനയുടെ ഭാഗമായി, കൊച്ചി, ലഖ്നൗ തുടങ്ങിയ ടയര്‍-2 നഗരങ്ങളിലെ ചില സെല്ലര്‍ ഓണ്‍ബോര്‍ഡിംഗ് (seller onboarding) പ്രവര്‍ത്തനങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം ആമസോണ്‍ ഡിജിറ്റല്‍ കേന്ദ്രം നവീകരിക്കാനും സമീപഭാവിയില്‍ പുനരാരംഭിക്കാനും സാധ്യതയുണ്ട്.

ആമസോണിന്റെ ക്ലൗഡ് ബിസിനസും ഇ-കൊമേഴ്‌സ് ബിസിനസും മാന്ദ്യത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

കമ്പനിയുടെ ക്ലൗഡ് ബിസിനസായ ആമസോണ്‍ വെബ് സേവനങ്ങളുടെ (എഡബ്ല്യുഎസ്) വളര്‍ച്ച ഇനിയും ഇടിയുമെന്ന് കരുതുന്നതായി ഏപ്രിലില്‍ നടന്ന ഒരു അനലിസ്റ്റ് മീറ്റിംഗില്‍ വച്ച് ആമസോണ്‍ സിഎഫ്ഒ ബ്രയാന്‍ ഒല്‍സാവ്‌സ്‌കി വെളിപ്പെടുത്തിയിരുന്നു.

വിപണിയിലെ മാന്ദ്യം മുന്‍കൂട്ടി കണ്ടതും പണം ചെലവഴിക്കുന്നതില്‍ കൂടുതല്‍ ജാഗ്രതയുള്ള സമീപനം കസ്റ്റമര്‍ സ്വീകരിച്ചതുമാണു കാരണം.

ആമസോണിന്റെ ഇന്ത്യയിലെ ഇ-കൊമേഴ്സ് ബിസിനസ്സ് വളര്‍ച്ചയിലും മാന്ദ്യമാണ് നേരിടുന്നത്. ഇത് ഇന്ത്യയില്‍ കമ്പനി അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളെ കൂടിയാണു തുറന്നുകാണിക്കുന്നത്.

Tags:    

Similar News