കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത് ഓണ്‍ലൈന്‍ പേയ്‌മെന്റ്; റെക്കോഡിട്ട് മെയ്

  • 2026-27 ആകുമ്പോഴേക്കും യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം ഒരു ബില്യന്‍ ആകും
  • 2022-23 ല്‍ റീട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ 75 ശതമാനം യുപിഐ പേയ്‌മെന്റായിരുന്നു
  • യുപിഐ സംവിധാനം 2016-ലാണ് ഇന്ത്യയില്‍ നടപ്പിലാക്കിയത്

Update: 2023-06-02 06:18 GMT

ഗൂഗിള്‍ പേയും, പേടിഎമ്മും, ഫോണ്‍ പേയും ഇന്ന് സര്‍വസാധാരണമാണ്. മിക്കവാറും എല്ലാവരുടെയും ഫോണുകളില്‍ ഈ ആപ്പുകളില്‍ ഏതെങ്കിലും ഒരെണ്ണം ഉണ്ടാകും.

ഇന്ന് കറന്‍സി നോട്ടുകള്‍ക്കു പകരം ഭൂരിഭാഗം പേരും പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് ഈ ആപ്പുകളാണ്.

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉള്‍പ്പെടുന്ന യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ചുള്ള ഇടപാടുകള്‍ മെയ് മാസത്തില്‍ റെക്കോഡിട്ടിരിക്കുകയാണ്. 14 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഒന്‍പത് ബില്യന്‍ ഇടപാടുകളാണ് ഈ വര്‍ഷം മെയ് മാസത്തില്‍ മാത്രം നടന്നതെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുപിഐ സംവിധാനം 2016-ലാണ് ഇന്ത്യയില്‍ നടപ്പിലാക്കിയത്. ഇതിനോടകം ഏറ്റവും വിശ്വസനീയ പേയ്‌മെന്റ് സംവിധാനമായി ഉയര്‍ന്നുവന്നിട്ടുണ്ട് യുപിഐ. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പേയ്‌മെന്റ് സംവിധാനങ്ങളിലൊന്നു കൂടിയാണ് യുപിഐ.

2023 മെയ് മാസത്തിലെ ഇടപാടുകളുടെ മൊത്തത്തിലുള്ള മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം വര്‍ധിച്ച് 14.89 ലക്ഷം കോടി രൂപയായി.

ഈ വര്‍ഷം ഏപ്രിലില്‍ 8.89 ബില്യന്‍ ഇടപാടുകളും, മാര്‍ച്ചില്‍ 8.68 ബില്യന്‍ ഇടപാടുകളും നടന്നു.

2026-27 ആകുമ്പോഴേക്കും യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം ഒരു ബില്യന്‍ ആകുമെന്നും പിഡബ്ല്യുസി ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.

2022-23 കാലയളവില്‍ റീട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ 75 ശതമാനം യുപിഐ പേയ്‌മെന്റായിരുന്നു.

ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവത്തിന് കാരണമായ യുപിഐ ഇടപാടുകള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വലിയൊരു കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.

യുഎസ്, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ തുടങ്ങിയ 10 രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അവരുടെ ഇന്ത്യന്‍ ഫോണ്‍ നമ്പറിനെ ആശ്രയിക്കാതെ തന്നെ ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും.

Tags:    

Similar News