നഷ്ടപ്പെട്ട മൊബൈല്‍ ഇന്ത്യയിലെവിടെയും ബ്ലോക്കാക്കാം; ട്രാക്കിംഗ് സംവിധാനം 17 മുതല്‍

  • ഐഎംഇഐ നമ്പര്‍ മാറ്റിയാലും ഫോണ്‍ ട്രാക്ക് ചെയ്യാം
  • മൊബൈല്‍ മോഷണത്തിന്‍റെ റിപ്പോര്‍ട്ടിംഗ് സുഗമമാകും
  • സിഇഐആർ സംവിധാനം നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചില സര്‍ക്കിളുകളില്‍

Update: 2023-05-14 10:52 GMT

ആളുകൾക്ക് തങ്ങളുടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ഇന്ത്യയിലെവിടെ ആണെങ്കിലും ബ്ലോക്ക് ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും സഹായിക്കുന്ന ഒരു ട്രാക്കിംഗ് സിസ്റ്റം അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണെന്ന് ടെലികോം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ടെക്‌നോളജി ഡെവലപ്‌മെന്റ് ബോഡി സെന്റർ ഫോർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സിഡിഒടി) നിലവില്‍ ഡൽഹി, മഹാരാഷ്ട്ര, കർണാടക, നോർത്ത് ഈസ്റ്റ് മേഖല എന്നിവയുൾപ്പെടെ ചില ടെലികോം സർക്കിളുകളിൽ സിഇഐആർ സംവിധാനംപരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുകയാണ്. മേയ് 17ഓടെ ഇത് രാജ്യവ്യാപകമായി ലഭ്യമാകുമെന്നാണ് ടെലികോം വൃത്തങ്ങളില്‍ നിന്ന് ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സിഇഐആർ സംവിധാനം രാജ്യവ്യാപക അവതരത്തിന് സജ്ജമായിട്ടുണ്ടെന്നും എന്നാല്‍ ഇതിന്‍റെ തീയതി വെളിപ്പെടുത്താറായിട്ടില്ലെന്നുമാണ് സിഡിഒടി സിഇഒ രാജ്‍കുമാര്‍ ഉപാധ്യായ വാർത്തയോട് പ്രതികരിച്ചിട്ടുള്ളത്. ക്ലോൺ ചെയ്‌ത മൊബൈൽ ഫോണുകളുടെ ഉപയോഗം പരിശോധിക്കുന്നതിനുള്ള ഫീച്ചറുകളും എല്ലാ ടെലികോം നെറ്റ്‌വർക്കുകളിലും ചേർക്കുന്നതിന് സിഡിഒടിക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഡിവൈസുകളില്‍ 15 അക്ക ഐഎംഇഐ നമ്പര്‍ വെളിപ്പെടുത്തുന്ന രീതിയില്‍ നല്‍കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിലൂടെയാണ് മൊബൈലുകളുടെ ട്രാക്കിംഗ് സാധ്യമാക്കുന്നത്. "മോഷ്ടിച്ച മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ മാറ്റുന്നത് തട്ടിപ്പുകാരുടെ സാധാരണ രീതികളിലൊന്നാണ്, ഇത് അത്തരം ഹാൻഡ്‌സെറ്റുകൾ ട്രാക്ക് ചെയ്യുന്നതും ബ്ലോക്ക് ചെയ്യുന്നതും സാധ്യമല്ലാതാക്കും. ഇത് ഒരു ദേശീയ സുരക്ഷാ പ്രശ്‌നമായിരുന്നു. എന്നാല്‍ നെറ്റ്‌വർക്കിലെ ഏത് ക്ലോൺ ചെയ്ത മൊബൈൽ ഫോണുകളും വിവിധ ഡാറ്റാബേസുകൾ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാൻ സിഇഐആറിന് കഴിയും," ഉപാധ്യായ പറഞ്ഞു.

മൊബൈലുകള്‍ മോഷ്ടിക്കപ്പെടുന്നതും നഷ്ടപ്പെടുന്നതും റിപ്പോർട്ട് ചെയ്യുന്നത് സുഗമമാക്കുകയും മൊബൈലുകളുടെ ദുരുപയോഗം തടയുകയും ചെയ്യുക എന്നതാണ് സിഇഐആര്‍-ന്റെ അടിസ്ഥാന ലക്ഷ്യം. അടുത്തിടെ, കർണാടക പോലീസ് നഷ്‌ടപ്പെട്ട 2500ഓളം മൊബൈൽ ഫോണുകൾ വീണ്ടെടുക്കുകയും സിഇഐആർ സംവിധാനം ഉപയോഗിച്ച് ഉടമകൾക്ക് കൈമാറുകയും ചെയ്തു.

ആപ്പിൾ ഐഡിയുടെ സഹായത്തോടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ആപ്പിളിന് ഇതിനകം തന്നെയുണ്ട്. എന്നാൽ ആൻഡ്രോയിഡ് മൊബൈൽ ഫോണുകളുടെ ട്രാക്കിംഗാണ് പ്രധാന തലവേദന. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 

Tags:    

Similar News